വെള്ളപ്പൊക്ക കെടുതി: കൂടുതല്‍ കേന്ദ്ര സേനയെ അനുവദിക്കണമെന്ന് ചെന്നിത്തല

ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി നേരിടാന്‍ കൂടുതല്‍ കേന്ദ്ര സേനയെ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെത്തിത്തല. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി താന്‍ ഫോണില്‍ സംസാരിച്ചതായും കേരളം ആവശ്യപ്പെട്ട തുക അടിയന്തരമായി അനുവദിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതായും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിടുന്ന വെള്ളപ്പൊക്ക കെടുതിയെപറ്റി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ‘ആലുവ, ചാലക്കുടി, വയനാട്, റാന്നി, മലപ്പുറം ഭാഗങ്ങളില്‍ വന്‍തോതിലെ വെള്ളപൊക്കമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. അമ്പരപ്പിക്കുന്ന നിലയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന ഈ പ്രളയത്തെ നേരിടാന്‍ കൂടുതല്‍ ബോട്ടുകള്‍ വിട്ടുകൊടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു,’ ചെന്നിത്തല പറഞ്ഞു.

ശബരിമലയിലെ അന്നദാന മണ്ഡപം ഉള്‍പ്പെടെ വെള്ളത്തിനടിയിലാണ്. ലോഡ്ജുകളിലും വീടുകളിലും നിരവധിപേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. കിടപ്പുരോഗികള്‍ അടക്കം ബുദ്ധിമുട്ടിലാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിക്കുന്നതിനാല്‍ മുഖ്യമന്ത്രിമാര്‍ തമ്മില്‍ സംസാരിക്കേണ്ടതുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top