‘തോല്‍വിയുടെ ഉത്തരവാദി ശാസ്ത്രി’; പരിശീലകനെന്ന നിലയില്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകണമെന്നും ഹര്‍ഭജന്‍

ദില്ലി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ രവി ശാസ്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍ സിംഗ് രംഗത്ത്. പരിശീലകനെന്ന നിലയില്‍ തോല്‍വിയുടെ ഉത്തരവാദിത്വം ശാസത്രിക്കാണെന്നും വിശദീകരണം നല്‍കാന്‍ അദ്ദേഹം തയ്യാറാകണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

പരിശീലകനാണ് ഈ തോല്‍വിയുടെ സമ്പൂര്‍ണ ഉത്തരവാദിത്വം. ഇന്നോ നാളയോ മറുപടി നല്‍കിയേ മതിയാകൂ. ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകുകയാണെങ്കില്‍ നേരത്തെ നടത്തിയ പ്രസ്താവനകളെല്ലാം വിഴുങ്ങി സാഹചര്യങ്ങള്‍ മാറിയെന്ന് ശാസ്ത്രിക്ക് സമ്മതിക്കേണ്ടി വരുമെന്നും ഹര്‍ഭജന്‍ തുറന്നടിച്ചു. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മൂന്ന് ദിവസം തികച്ച് പിടിച്ചുനില്‍ക്കാന്‍ പോലും ഇന്ത്യക്കായില്ല. ഇന്നിംഗ്‌സിനും 59 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ പരാജയം.

തന്റെ ടീമിന് ആരെയും ഭയക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പ് ശാസ്ത്രിയുടെ അവകാശവാദം. ഏത് സാഹചര്യത്തില്‍ കളിക്കുന്നുവെന്നത് തങ്ങളെ സംബന്ധിച്ച് വിഷയമല്ലെന്നും 20 വിക്കറ്റും സ്വന്തമാക്കാന്‍ പോന്ന ബൗളിംഗ് നിരയുണ്ടെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ശാസ്ത്രിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഹര്‍ഭജന്‍ സിംഗിന്റെ പ്രതികരണം.

തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശിച്ച് വിരേന്ദര്‍ സേവാഗ്, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയ മുന്‍ താരങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു. പോരാടാന്‍ ശ്രമിക്കാതെ കീഴടങ്ങിയത് വന്‍ നിരാശ സമ്മാനിച്ചുവെന്ന് സേവാഗ് ട്വിറ്ററില്‍ കുറിച്ചപ്പോള്‍, അടുത്ത ടെസ്റ്റില്‍ ടീം തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

ഓപ്പണര്‍മാര്‍ നിരന്തരമായി പരാജയപ്പെടുന്നതാണ് ഇന്ത്യയ്ക്ക് പ്രധാന തലവേദന. രണ്ട് ഇന്നിംഗ്‌സുകളിലും പൊരുതാന്‍ പോലും നില്‍ക്കാതെ മുന്‍നിര തകര്‍ന്നടിയുന്ന കാഴ്ചയായിരുന്നു കാണാനായത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ നായകന്‍ വിരാട് കോഹ്‌ലി മാത്രമായിരുന്നു തിളങ്ങിയത്. ഇന്ത്യന്‍ സ്‌കോറിന്റെ 54 ശതമാനവും സംഭാവന ചെയ്തത് കോഹ്‌ലിയായിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ 225 പന്തുകളില്‍ നിന്ന് 149 റണ്‍സ് താരം നേടിയപ്പോള്‍ 235 പന്തുകളില്‍ നിന്ന് 125 റണ്‍സ് മാത്രമായിരുന്നു മറ്റുള്ളവരുടെ സംഭാവന. രണ്ടാം ഇന്നിംഗ്‌സില്‍ 93 പന്തില്‍ നിന്ന് 51 റണ്‍സ് കോഹ്‌ലിയും 233 പന്തുകളില്‍ നിന്ന് 111 റണ്‍സ് ശേഷിക്കുന്നവരും നേടി. ലോര്‍ഡ്‌സില്‍ വെച്ചുനടന്ന രണ്ടാം ടെസ്റ്റില്‍ കോഹ്‌ലിക്ക് ശോഭിക്കാനായില്ല. 17, 23 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. ട്രെന്റ് ബ്രിഡ്ജില്‍ 18 നാണ് മൂന്നാം ടെസ്റ്റ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top