മഴക്കെടുതി: പാലക്കാട് വീട് തകര്‍ന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വീട് നല്‍കുമെന്ന് എകെ ബാലന്‍

പാലക്കാട്: പാലക്കാട് മഴക്കെടുതിയില്‍ വീട് തകര്‍ന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വീട് നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍. പട്ടയമില്ലാത്തവര്‍ക്ക് കൈവശ രേഖ നല്‍കുമെന്നും വീട് തകര്‍ന്നവര്‍ക്ക് അടിയന്തര ധനസഹായമായി 95000 രൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു. വീട് തകര്‍ന്ന് രേഖകള്‍ നഷ്ടമായവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കോപ്പി സൗജന്യമായി നല്‍കാനും പാലക്കാട് ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മഴ കെടുത്തിയും വെള്ളപൊക്കവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ ഉണ്ടായത്. നിരവധി കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. 21 ദുരിതാശ്വാസ ക്യാമ്പുകളിലായി നിരവധി ആളുകള്‍ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ അടിയന്തിര അവലോകന യോഗം പാലക്കാട് ചേര്‍ന്നത്. വീട് നഷ്ടപെട്ടവര്‍ക്ക് അടിയന്തിര ധനസഹായമായി 95000 രൂപ നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് പുതിയ വീട് നല്‍കാനും യോഗം തീരുമാനിച്ചു.

വീട് തകര്‍ന്ന് രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ലിക്കേറ്റ് കോപ്പി സൗജന്യമായി നല്‍കും. ഇതിനായി വില്ലേജുകളില്‍ അദാലത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു. വീടുകളും ജല സ്രോതസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വൃത്തിയാക്കും. ഇതിനായി സ്ഥാപങ്ങള്‍ക്ക് പ്ലാന്‍ ഫണ്ട് ഉപയോഗിക്കാം. പട്ടയമില്ലാത്തവര്‍ക്ക് കൈവശ രേഖ നല്‍കാനും, വീട് നഷ്ടപെട്ട് ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രവും ഗൃഹോപകരങ്ങളും നല്‍കാനും യോഗം തീരുമാനിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top