ഡാമിലെ ജലനിരപ്പ് ഉയരുന്നു: ഷട്ടറുകള്‍ ഒരു മീറ്റര്‍ ഉയര്‍ത്തി, സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്‌

തൊടുപുഴ: ഇടുക്കി ചെറുതോണി ഡാമില്‍ നിന്ന് ഒഴുക്കിക്കളയുന്ന ജലത്തിന്റെ അളവില്‍ വന്‍വര്‍ധനവ് വരുത്തി. ഇപ്പോള്‍ സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴിക്കിക്കളയുന്നത്. മൂന്ന് ഷട്ടറുകളും ഒരു സെന്റീമീറ്റര്‍ വീതമാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും ഡാമിലെ ജലനിരപ്പില്‍ ഗണ്യമായ കുറവ് വരാത്തതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഒരു സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറംതള്ളുന്നത്.

പുറംതള്ളുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചതോടെ ചെറുതോണി ടൗണില്‍ വെള്ളം കയറി. കൂടുതല്‍ വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ ചെറുതോണിയിലും പെരിയാറിന്റെ ഇരുകരകളില്‍ 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്കും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പുഴയില്‍ ഇറങ്ങുന്നതിനും മീന്‍ പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2,401.46 അടിയാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 2,403 അടിയും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതും നീരൊഴുക്ക് വര്‍ധിച്ചതും കാരണം ഡാമിലെ ജലനിരപ്പ് അനിയന്ത്രിതമായി ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി കൂടുതല്‍ ജലം ഒഴുക്കിക്കളയുന്നത്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് വൈദ്യുതിമന്ത്രി എംഎം മണി പറഞ്ഞു. ജാഗ്രത വേണമെന്നും എന്നാല്‍ ആശങ്കയുടെ യാതൊരു ആവശ്യവും ഇല്ലെന്നും മന്ത്രി പറഞ്ഞു. ഇടുക്കി അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ള നാലു താലൂക്കുകളിൽ ജാഗ്രത നിർദേശം നൽകി. റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ആലുവ മണപ്പുറം സന്ദർശിച്ചു. ആവശ്യമെങ്കിൽ കേന്ദ്ര സംഘത്തിന്റെ സഹായം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. നാല് മണിക്കൂര്‍ ട്രയല്‍ റണ്‍ എന്ന നിലയിലായിരുന്നു ഷട്ടര്‍ ഉയര്‍ത്തിയത്. എന്നാല്‍ കനത്ത മഴതുടരുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്തതോടെ ഡാമിലെ ജലനിരപ്പില്‍ ഗണ്യമായ കുറവ് ഉണ്ടായില്ല. മാത്രവുമല്ല ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ ഷട്ടര്‍ അടയ്‌ക്കേണ്ടെന്ന് തീരുമാനിച്ചു. ഒപ്പം ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി തുറക്കാനും തീരുമാനിച്ചു. രാവിലെ ഏഴ് മണിക്കാണ് രണ്ട് ഷട്ടറുകള്‍ തുറന്നത്.

ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഡാമിന്റെ പരമാവധി ശേഷിയിലേക്ക് ജലനിരപ്പ് വളരെ പെട്ടെന്ന് ഉയരുന്നത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top