ബിസിസിഐ ഭരണഘടന: ജസ്റ്റിസ് ലോധ സമിതി ശുപാര്‍ശകള്‍ക്ക് ഭേദഗതികളോടെ അംഗീകാരം

ദില്ലി: ബിസിസിഐ ഭരണഘടനയക്ക് സുപ്രിം കോടതി ഭേദഗതികളോടെ അംഗീകാരം നല്‍കി. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മൂന്ന് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും വ്യത്യസ്തമായ വോട്ടവകാശം സുപ്രിം കോടതി നല്‍കി. രണ്ട് വര്‍ഷം തുടര്‍ച്ചയായി ബിസിസിഐയിലോ സംസ്ഥാനക്രിക്കറ്റ് അസോസിയേഷനുകളിലോ ഭാരവാഹി ആകുന്നവര്‍ക്ക് തുടര്‍ന്ന് മത്സരിക്കാന്‍ വിലക്കുണ്ടാകും. ലോധ സമിതി അസോസിയേറ്റ് അംഗങ്ങളാക്കിയ റെയില്‍വേസ്, സര്‍വ്വീസസ്, സര്‍വ്വകലാശാല അസോസിയേഷനുകള്‍ എന്നിവയ്ക്ക് മുഴുവന്‍ സമയ അംഗത്വം നല്‍കി.

ബിസിസിഐ ഭരണപരിഷ്‌കാരത്തിനായി ജസ്റ്റിസ് ആര്‍എം ലോധ സമിതി നല്‍കിയ മൂന്ന് സുപ്രധാന നിര്‍ദ്ദേശൃങ്ങളില്‍ ഭേദഗതി വരുത്തിയാണ് ഭരണഘടനയ്ക്ക് സുപ്രിം കോടതി അംഗീകാരം നല്‍കിയത്. ഒരു സംസ്ഥാനത്തിന് ഒരു വോട്ടെന്ന വ്യവസ്ഥ മാറ്റി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ മൂന്ന് അസോസിയേഷനുകള്‍ക്കും സുപ്രിം കോടതി വ്യത്യസ്ത വോട്ടവകാശം നല്‍കി. ഇതോടെ മുംബൈ, വിദര്‍ഭ, സൗരാഷ്ട്ര, ബറോഡ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് വോട്ടവകാശം ലഭിച്ചു.

ഒരു തവണ ഭാരവാഹിയായാല്‍ നിശ്ചിത ഇടവേളയ്ക്ക് ശേഷമെ വീണ്ടും ഭാരവാഹിയാവാന്‍ കഴിയു എന്നായിരുന്നു ലോധ സമിതി നിര്‍ദ്ദേശം. ഇതു ഭേദദഗതി ചെയ്ത് ഇടവേളകളില്ലാതെ തുടര്‍ച്ചയായി രണ്ട് തവണ ഭാരവാഹിയാകാം എന്നാക്കി മാറ്റി. എന്നാല്‍ രണ്ട് വര്‍ഷം ഭാരവാഹി ആകുന്നവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല.

ഭേദഗതി വരുത്തിയ ഭരണഘടന ബിസിസിഐ നാലാഴ്ചയ്ക്കകം രജിസ്റ്റര്‍ ചെയ്യണം. സംസ്ഥാന അസോസിയേഷനുകള്‍ തുടര്‍ന്നുള്ള 30 ദിവസത്തിനുള്ളില്‍ ഭരണഘടന അംഗീകരിക്കണം. ഉത്തരവ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ ഉറപ്പ് വരുത്താന്‍ താത്കാലിക ഭരണസമിതിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top