എന്‍ഡിഎയ്ക്ക് വിജയം; ഹരിവംശ് നാരായണ്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍

ദില്ലി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിംഗ് വിജയിച്ചു. യുപിഎ സ്ഥാനാര്‍ത്ഥി ബികെ പ്രസാദിനെയാണ് പരാജയപ്പെടുത്തിയത്. ഹരിവംശിന് 125 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബികെ ഹരിപ്രസാദിന് 105 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ആം ആദ്മി പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

244 അംഗ രാജ്യസഭയില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിക്കാന്‍ വിജയിക്കാന്‍ 123 അംഗങ്ങളുടെ പിന്തുണയായിരുന്നു ആവശ്യം. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണ്‍ സിംഗിന് 125 വോട്ടുകള്‍ ലഭിച്ചു. ബിജെപിയിലെ 73 അംഗങ്ങള്‍ക്ക് പുറമെ എന്‍ഡിഎയിലെ സഖ്യകക്ഷിയായ ശിവസേനയിലെ മൂന്നും ജനതാദള്‍ യുണൈറ്റഡിന്റെ ആറും അകാലിദളിന്റെ മൂന്നും അംഗങ്ങളുടെ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. എഐഎഡിഎംകെ യിലെ 13 ഉം ബിജു ജനതാദളിലെ ഒന്‍പതും ടിആര്‍എസിന്റെ ആറും അംഗങ്ങളുടെ വോട്ടും ഹരിവംശിന് ആയിരുന്നു. ഇതിന് പുറമെ ഭൂരിപക്ഷം നോമിനേറ്റഡ് അംഗങ്ങളുടെ പിന്തുണയും ഹരിവംശിന് ലഭിച്ചു.


കോണ്‍ഗ്രസിന് പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സിപിഐ, സിപിഐഎം, മുസ്‌ലിം ലീഗ്, ജെഡിഎസ്, മാണി കോണ്‍ഗ്രസ്, എന്‍സിപി, ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി എന്നിവയുടെ വോട്ടുകളാണ് ബികെ ഹരിപ്രസാദിന് ലഭിച്ചത്. ആറ് അംഗങ്ങളുള്ള ടിഡിപിയും ഹരിപ്രസാദിനാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. കോണ്‍ഗ്രസാണ് പ്രതിപക്ഷ ഐക്യത്തിനുള്ള ഏറ്റവും വലിയ തടസമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആം ആദ്മി പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത്. കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്ന ചില ഡിഎംകെ അംഗങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനും സാധിച്ചില്ല.

ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യ നിര കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് താത്കാലിക തിരിച്ചടിയാണ് ഇന്നത്തെ തെരെഞ്ഞെടുപ്പ് ഫലം. മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്ന ഹരിവംശ് രാജ്യസഭാ ഡെപ്യുട്ടി ചെയര്‍മാന്‍ ആകുന്നത് സഭയ്ക്ക് മുതല്‍കൂട്ടാകുമെന്ന് പ്രധാനമന്ത്രിയും വിവിധ കക്ഷി നേതാക്കളും അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top