ഡോക്ടര്‍ക്കും ആശുപത്രിക്കും പ്രായം അന്വേഷിക്കാന്‍ ബാധ്യത ഇല്ലെന്ന് സുപ്രിം കോടതി

സുപ്രിം കോടതി

പ്രസവത്തിനായി എത്തുന്ന പെണ്‍കുട്ടി പതിനെട്ട് വയസ്സ് ആണെന്ന് അറിയിച്ചാല്‍ അത്തരം കേസുകള്‍ പോക്‌സോ നിയമപ്രകാരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട ബാധ്യത ഡോക്ടര്‍ക്കില്ലെന്ന് സുപ്രിം കോടതി. പെണ്‍കുട്ടിയോ മാതാപിതാക്കളോ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തുന്ന പ്രായത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ഡോക്ടര്‍ക്കും ആശുപത്രി മാനേജ്‌മെന്റുകള്‍ക്കും ബാധ്യത ഇല്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ ഗര്‍ഭത്തിന്റെ കാരണം ഡോക്ടര്‍മാരോ ആശുപത്രി മാനേജ്‌മെന്റോ അന്വേഷിക്കാത്തത് ക്രിമിനല്‍ കുറ്റമാകില്ലെന്ന് ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

കൊട്ടിയൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി പുറപ്പെടുവിച്ച വിധിയിലാണ് സുപ്രിം കോടതി പോക്‌സോ കേസുകളില്‍ നിര്‍ണ്ണായകമാകുന്ന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. പോക്‌സോ നിയമത്തിലെ 19 അനുച്ഛേദം-1 പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ പൊലീസിനെ അറിയിക്കാത്തത് കുറ്റകരമാണ്. ഈ നിയമം ലംഘിച്ചതിനാണ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ടെസ്സി തോമസ്, പീഡിയാട്രീഷന്‍ ഹൈദര്‍ അലി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ പെണ്‍കുട്ടി തനിക്ക് 18 വയസ്സ് കഴിഞ്ഞു എന്നാണ് പറഞ്ഞത്. പെണ്‍കുട്ടി സ്വയം തന്റെ പ്രായം 18 വയസ്സ് കഴിഞ്ഞു എന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ അതിന്റെ നിജ സ്ഥിതി അന്വേഷിക്കാന്‍ ഡോക്ടര്‍ക്കും ആശുപത്രി മാനേജ്‌മെന്റുകള്‍ക്കും ബാധ്യത ഇല്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. രോഗിയുടെ ചികിത്സയാണ് ഡോക്ടറുടെ പ്രധാന ഉത്തരവാദിത്വമെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ നിന്ന് മൂന്നു പ്രതികളെയും കുറ്റവിമുക്തരാക്കാന്‍നുള്ള കാരണവും സുപ്രിം കോടതി വിധിയില്‍ വിശദീകരിച്ചിട്ടുണ്ട്.

ഇരയായ പെണ്‍കുട്ടിയെ ക്രിസ്തുരാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 2017 ഫെബ്രുവരി ഏഴിന് രാവിലെ 9.15 നാണ്. ഉടന്‍ തന്നെ ലേബര്‍ റൂമിലേക്ക് മാറ്റിയ പെണ്‍കുട്ടി ഒന്‍പത് ഇരുപത്തി അഞ്ചിന് പ്രസവിച്ചു. ഈ സമയത്തൊന്നും 18 വയസിന് മുമ്പാണ് പെണ്‍കുട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഗൈനക്കോളജിസ്റ്റ് ആയ സിസ്റ്റര്‍ ടെസ്സിക്ക് അറിയില്ലായിരുന്നു എന്ന് സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പീഡിയാട്രീഷന്‍ ആയ ഡോക്ടര്‍ ഹൈദര്‍ അലി പെണ്‍കുട്ടിയെ പരിശോധിച്ചിട്ട് പോലും ഇല്ല. നവജാത ശിശുവിനെ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കൈമാറാന്‍ നിര്‍ദേശിക്കുക മാത്രമാണ് ഉണ്ടായത്. അതിനാല്‍ രണ്ട് ഡോക്ടര്‍മാരും ക്രിമിനല്‍ കുറ്റം ചെയ്തു എന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

റോബിന്‍ വടക്കുഞ്ചേരി

ക്രിസ്തുരാജ ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സുപ്രിം കോടതി വ്യക്തമാക്കിയ കാരണങ്ങള്‍ ഇവയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന എല്ലാ രോഗികളുടെയും വിശാദംശവും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഇടയായ സാഹചര്യവും ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ അറിയണം എന്നില്ല. കൊട്ടിയൂര്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു കണ്ടിട്ടുപോലും ഇല്ലെന്ന് സുപ്രിം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകരായ ആര്‍ ബസന്ത്, രാഗേന്ദ് ബസന്ത് എന്നിവരാണ് സിസ്റ്റര്‍ ടെസ്സി തോമസ്, ഹൈദര്‍ അലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവര്‍ക്ക് വേണ്ടി സുപ്രിം കോടതിയില്‍ ഹാജരായത്.

കൊട്ടിയൂര്‍ പീഡന കേസില്‍ നിന്ന് കുറ്റവിമുക്തരാക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ അധ്യക്ഷന്‍ ഫാദര്‍ ജോസഫ് തേരകവും കമ്മിറ്റി അംഗം സിസ്റ്റര്‍ ബെറ്റി ജോസഫും നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയിരുന്നു. ഇരുവരോടും വിചാരണ നേരിടാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top