യുഡിഎഫിന്റെ അവിശ്വാസത്തെ എല്‍ഡിഎഫ് പിന്തുണച്ചു; എന്‍മകജെ പഞ്ചായത്തില്‍ ബിജെപിയ്ക്ക് ഭരണം നഷ്ടമായി

കാസര്‍ഗോഡ്: എന്‍മകജെ പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എല്‍ഡിഎഫ് പിന്തുണയോടെയാണ് അവിശ്വാസപ്രമേയം പാസായത്. ഇതോടെ കാറഡുക്കയ്ക്ക് പിന്നാലെ ബിജെപിക്ക് എന്‍മകജയിലും ഭരണം നഷ്ടമായി.

ബിജെപി ഭരിക്കുന്ന എന്‍മകജെ പഞ്ചായത്തില്‍ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയത്. ബിജെപിയ്ക്കും യുഡിഎഫിനും ഏഴ് അംഗങ്ങള്‍ വീതവും എല്‍ഡിഎഫിന് മൂന്ന് അംഗങ്ങളുമാണ് എന്‍മകജയില്‍ ഉള്ളത്. കോണ്‍ഗ്രസ്-നാല്, മുസ്‌ലിം ലീഗ്-മൂന്ന് എന്നിങ്ങനെയാണ് യുഡിഎഫിന്റെ കക്ഷിനില. എല്‍ഡിഎഫിലെ രണ്ട് അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണച്ചു. നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപിയ്ക്ക് പഞ്ചായത്ത് ഭരണം നേടാനായത്.

നേരത്തെ യുഡിഎഫ് അവശ്വാസപ്രമേയം കൊണ്ടു വന്നിരുന്നുവെങ്കിലും സിപിഐഎം അംഗങ്ങള്‍ വിട്ടു നിന്നതോടെ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം കാറെഡുക്ക പഞ്ചായത്തില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം യുഡിഎഫ് പിന്തുണയോടെ വിജയിച്ചിരുന്നു. ഇതോടെ 18 വര്‍ഷത്തെ ബിജെപിഭരണത്തിനാണ് അവസാനമായത്. എന്‍മകജയില്‍ കൂടി അവിശ്വാസപ്രമേയം പാസായതോടെ നാല് പഞ്ചായത്തില്‍ ഭരണം നടത്തിയ ബിജെപി രണ്ട്പഞ്ചായത്തുകളില്‍ ഒതുങ്ങി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top