ജസ്റ്റിസ് കെഎം ജോസഫ് ജൂനിയര്‍ തന്നെ; നിലപാടിലുറച്ച് കേന്ദസര്‍ക്കാര്‍

കെഎം ജോസഫ്

ദില്ലി: സുപ്രിം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് കെഎം ജോസഫിനെ സീനിയോറിറ്റിയില്‍ താഴ്ത്തിയതില്‍ ജുഡീഷ്യറിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. കെഎം ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്നാണ് സുപ്രിം കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാരുടെ ആവശ്യം. അതേസമയം, ഹൈക്കോടതിയില്‍ നിയമനം ലഭിച്ച തീയതി വെച്ച് കണക്കാക്കുമ്പോള്‍ കെഎം ജോസഫ് ഏറ്റവും ജൂനിയര്‍ ആണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരന്‍, കെഎം ജോസഫ് എന്നിവരുടെ സുപ്രിം കോടതി ജഡ്ജിമാരായുള്ള സത്യപ്രതിജ്ഞ നാളെ രാവിലെയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ പട്ടിക പ്രകാരം കെഎം ജോസഫ് മൂന്നാമതാണ്. സുപ്രിം കോടതിയിലേക്ക് ഉയര്‍ത്താനായി കൊളീജിയം ആദ്യം നിര്‍ദേശിച്ചത് കെഎം ജോസഫിന്റെ പേരായതിനാല്‍ അദ്ദേഹമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നാണ് സുപ്രിം കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാരുടെ നിലപാട്. ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്ന് ജഡ്ജിമാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

അതേസമയം, ഹൈക്കോടതിയില്‍ നിയമനം ലഭിച്ച തിയ്യതി വെച്ച് കണക്കാക്കുമ്പോള്‍ കെഎം ജോസഫ് ഏറ്റവും ജൂനിയര്‍ ആണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത് 2002 ഫെബ്രുവരി അഞ്ചിനാണ്. അതേവര്‍ഷം ഫെബ്രുവരി 14 നായിരുന്നു ജസ്റ്റിസ് വിനീത് ശരണിന്റെ ഹൈക്കോടതി നിയമനം. 2014 ഒക്ടോബര്‍ 14 നാണ് കെഎം ജോസഫ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. അങ്ങനെ വരുമ്പോള്‍ മൂന്ന് പേരില്‍ ഏറ്റവും ജൂനിയര്‍ കെഎം ജോസഫ് ആണെന്ന് കേന്ദ്രനിയമമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top