”ഭീമ ജ്വല്ലറി പൂട്ടിക്കുന്നതൊന്നും നടക്കുന്ന കാര്യമല്ല”; ഒരു സംഘടനയുടേയും പിന്‍ബലമില്ലെങ്കിലും മീശക്കെതിരായ പ്രതിഷേധം ഹിന്ദുസമൂഹം ഏറ്റെടുക്കുമായിരുന്നുവെന്നും കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കൊച്ചി: ‘മീശ’ക്കെതിരായ നിലപാട് ഏതെങ്കിലും ഒരു സംഘടന എന്തെങ്കിലും ഒരു താത്പ്പര്യത്തിന്റെ പേരില്‍ എടുത്തതാണെന്ന് കരുതാനാവില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. എന്‍എസ്എസ്, എസ്എന്‍ഡിപി, ബ്രാഹ്മണസഭ അടക്കം ഒട്ടുമിക്ക ഹിന്ദുസംഘടനകളും ഒട്ടേറെ നിഷ്പക്ഷരായ സാമൂഹ്യപ്രവര്‍ത്തകരും ആത്മാഭിമാനമുള്ള സാഹിത്യകാരന്‍മാരും ഈ വിഷയത്തില്‍ പ്രതിഷേധമുള്ളവരാണെന്നും ഇനി ഒരു സംഘടനയുടേയും പിന്‍ബലമില്ലെങ്കിലും ഈ പ്രതിഷേധം ഹിന്ദുസമൂഹം ഏറ്റെടുക്കുമായിരുന്നുവെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

ഒരുപാടു കാലത്തെ അവഗണനയും വിവേചനവും അവഹേളനവും മൂലം കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിനിടയില്‍ വലിയ പ്രതിഷേധം സ്വമേധയാ ഉടലെടുത്തിരിക്കുന്നു എന്നാണ് ഈ സംഭവം തെളിയിക്കുന്നത്. നബി തിരുമേനിയുടെ കാര്യത്തില്‍ എടുത്ത നിലപാട് ഹിന്ദുസമൂഹത്തോടും കാണിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം പൊതുസമൂഹത്തില്‍ പലര്‍ക്കുമുണ്ട്. ഒട്ടേറെ മുസ്‌ലിം ക്രിസ്ത്യന്‍ സഹോദരന്‍മാര്‍ക്കും ഇതേ അഭിപ്രായമുണ്ട്. മറ്റു പല തലങ്ങളിലേക്കും ഇത് വളരുന്നതിന് മുന്‍പ് ദുരഭിമാനം വെടിഞ്ഞ് ഹിന്ദുസമൂഹത്തോട് മാപ്പുപറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഒരു കോണ്‍ഗ്രസ്സ് നേതാവ് ഭീമാ ജ്വല്ലറി പൂട്ടിക്കണമെന്നു പറഞ്ഞതായി കേട്ടു. അതൊന്നും നടക്കുന്ന കാര്യമല്ല. ആ നേതാവ് സ്വന്തം പാര്‍ട്ടിയുടെ കച്ചവടം കേരളത്തില്‍ പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത മറക്കേണ്ട. കേരളത്തിലെ ഭൂരിപക്ഷ സമൂഹം മനസ്സുവെച്ചാല്‍ ഒരു സ്ഥാപനമല്ല ഒരായിരം സ്ഥാപനം ഇവിടെ ഉയര്‍ത്തിക്കെണ്ടുവരാന്‍ കഴിയുമെന്ന് ഓര്‍മ്മിക്കുന്നത് നല്ലത്. ഇവിടുത്തെ സ്വര്‍ണ്ണക്കള്ളക്കടത്തുകാര്‍ നടത്തുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തെക്കുറിച്ച് ഇങ്ങനെ പറയാനുള്ള ആര്‍ജ്ജവം കേണഗ്രസ്സ് തറവാട്ടില്‍ പിറന്ന ആണൊരുത്തന് ഈ നൂറ്റാണ്ടിലുണ്ടാവുമോ?’, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top