ഇതിനകം മക്കയിലും മദീനയിലും എത്തിയത് 84,472 ഇന്ത്യന്‍ ഹാജിമാര്‍; ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍


ഇതിനകം ഇന്ത്യയില്‍ നിന്നും 84,472 ഹാജിമാര്‍ പുണ്യനഗരിയില്‍ എത്തിയതായും ഹാജിമാരുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്നും കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ് പറഞ്ഞു. ഹാജിമാര്‍ക്ക് മികച്ച സേവനങ്ങളാണ് ഇന്ത്യന്‍ ഹജ്ജുമിഷന്‍ നല്‍കി വരുന്നത്. മക്കയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍സുല്‍ ജനറല്‍.

ഇതുവരെയായി ഇന്തൃയില്‍ നിന്നും 84,472 ഹാജിമാര്‍ പുണ്യ നഗിയിലെത്തിയിട്ടുണ്ട്. ഇതില്‍ 14,194 ഹാജിമാര്‍ മദീനയിലും 70,278 ഹാജിമാര്‍ മക്കയിലുമാണ് വന്നിറങ്ങിയത്. ഇന്ത്യന്‍ ഹാജിമാരെ വഹിച്ചുള്ള വിമാനങ്ങളില്‍ ഭൂരിഭാഗവും സമയക്രമം പാലിച്ചുകൊണ്ട് മദീന, ജിദ്ദ വിമാനത്താവളങ്ങളില്‍ എത്തുന്നുണ്ട്. ചില വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത സമയത്തിനും മുമ്പേ എത്തിയിട്ടുമുണ്ടെന്നും മക്കയിലെ ഇന്ത്യന്‍ ഹജജ് മിഷന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖ് അറിയിച്ചു.

ഹാജിമാരുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ഇലക്‌ട്രോണിക്ക് മെഡിക്കല്‍ അസിസ്റ്റന്റ് സിസ്റ്റം ഫോര്‍ ഹാജീസ് എന്ന സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഈ സംവിധാനത്തിലൂടെ ഹാജിമാരുടെ രോഗവിവരങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ കുറിപ്പുകള്‍ സൂക്ഷിക്കുവാനും അത്യാവശ്യ ഘട്ടത്തില്‍ അവ ഉപയോഗപ്പെടുത്തുവാനും സാധിക്കും.

ഇന്ത്യന്‍ ഹാജിമാരെയും വഹിച്ചുള്ള വിമാനങ്ങള്‍ ജൂലൈ 14 മുതലാണ് എത്തിത്തുടങ്ങിയത്. മദീനയിലായിരുന്നു ആദ്യവിമാനം ഇറങ്ങിയത്. ഹജജ് കമ്മിറ്റി വഴിയുള്ള 1,28,702 ഹാജിമാരും സ്വകാര്യ ഗ്രൂപ്പുവഴിയുള്ള 46,323 ഹാജിമാരുമടക്കം മൊത്തം 1,75,025 തീര്‍ത്ഥാടകരാണ് ഇത്തവണ ഇന്ത്യയില്‌നിന്നും ഹജജു കര്‍മ്മത്തിനെത്തുന്നത്.

സുരക്ഷ കണക്കിലെടുത്ത് മദീനയിലെ ഹാജിമാരുടെ താമസ കെട്ടിടങ്ങളിലും മക്കയില്‍ ഗ്രീന്‍ കാറ്റഗറിയിലുമുള്ള കെട്ടിടങ്ങളിലും പാചക നിരോധനമുണ്ട്. എന്നാല്‍ അസീസിയ കാറ്റഗറിയില്‍ താമസിക്കുന്ന ഹാജിമാരുടെ കെട്ടിടങ്ങള്‍ പാചകം ചെയ്യാനുള്ള സൗകര്യമുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. വനിതാ ഇന്ത്യന്‍ തീര്‍ത്ഥാടകരെ സേവിക്കുന്നതിന് ഇതാദ്യമായി ഇന്ത്യയില്‍നിന്നും 12 വനിതാ ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. ഇതില്‍ അഞ്ച് പേര്‍ മലയാളികളാണ്.

വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍സുല്‍ ജനറലിനെ കൂടാതെ ഹജജ് കോണ്‍സുല്‍ മുഹമ്മദ് ഷാഹിദ് ആലം, മക്ക ഹജജ് ഇന്‍ചാര്‍ജ് ആസിഫ് സെയ്ദ്, മെഡിക്കല്‍ വിഭാഗം ഇന്‍ചാര്‍ജ് മുഹമ്മദ് കാസര്‍ തുടങ്ങിയവരും സംബന്ധിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top