ഐസിസി ടെസ്റ്റ് റാങ്കിംഗ്: സ്മിത്തിനെ മറികടന്ന് കോഹ്‌ലി മുന്നില്‍

വിരാട് കോഹ്‌ലി

ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐസിസി) ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നാമതെത്തി. ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്‌ലി മുന്നിലെത്തിയത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് താരത്തെത്തേടി ഈ നേട്ടമെത്തിയത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 149 റണ്‍സും രണ്ടാമത്തെ ഇന്നിംഗ്‌സില്‍ 51 റണ്‍സുമാണ് കോഹ്‌ലി അടിച്ചെടുത്തത്. റാങ്കിംഗില്‍ കോഹ്‌ലിക്ക് 934 പോയിന്റും രണ്ടാമതുള്ള സ്മിത്തിന് 929 പോയിന്റുമാണുള്ളത്. 2015 ഡിസംബര്‍ മുതല്‍ സ്മിത്തായിരുന്നു ഐസിസിയുടെ നമ്പര്‍ വണ്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍. കോഹ്‌ലിയെ കൂടാതെ ചേതാശ്വര്‍ പൂജാര മാത്രമാണ് ടെസ്റ്റ് റാംങ്കിംഗില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. പട്ടികയില്‍ ആറാം സ്ഥാനത്താണ് പൂജാര.

അതേസമയം, ടെസ്റ്റ് റാംങ്കിംഗില്‍ ഒന്നാമതെത്തുന്ന ഏഴാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കോഹ്‌ലി. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് കോഹ്‌ലിക്ക് മുന്നേ ഈ ലിസ്റ്റില്‍ അവസാനമായി(2011) ഇടംപിടിച്ചത്. രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെംഗ്‌സര്‍ക്കാര്‍ എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top