ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രികാല ഗതാഗത നിയന്ത്രണം നീക്കുന്നതിന് പിന്തുണ തേടി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി

ദില്ലി: ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രികാല ഗതാഗത നിയന്ത്രണം നീക്കുന്നതിന് പിന്തുണ തേടി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈഎസ് മാലിക്കാണ് കത്ത് നല്‍കിയത്. ബന്ദിപ്പൂര്‍ വനമേഖലയിലെ റോഡിന്റെ വീതി കൂട്ടാനും രാത്രി യാത്ര നിരോധനം നീക്കുന്നതിനും പിന്തുണ തേടിയാണ് കത്ത്. ബന്ദിപ്പൂരിലെ മൃഗങ്ങളുടെ സുരക്ഷക്കായി റോഡിന്റെ വീതി 15 മീറ്റര്‍ വര്‍ധിപ്പിക്കാനും മൃഗങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളില്‍ എലവേറ്റഡ് പാതയോ അതല്ലെങ്കില്‍ റോഡിന് ഇരു വശവും 8 അടി ഉയരത്തില്‍ കമ്പി വല കൊണ്ട് മതില്‍ തീര്‍ക്കുകയോ വേണം എന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ട് വയ്ക്കുന്നു. ഇതിനായി ചെലവ് വരുന്ന 46000 കോടി കര്‍ണാടകവും കേരളവും കൂടി വഹിക്കണം എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം .

ബന്ദിപ്പൂര്‍ വന മേഖലയിലൂടെ കടന്ന് പോകുന്ന വയനാട് മൈസൂര്‍ ദേശിയ പാത 212 ലെ രാത്രി യാത്രാവിലക്ക് നീക്കണം എന്ന് കേരളം ആവശ്യപ്പെട്ട് വരികയാണ്. ജൂലൈ 17ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബന്ദിപ്പൂരിലെ രാത്രി കാല ഗതാഗത നിയന്ത്രണം നീക്കുന്നതിനോട് എതിര്‍പ്പില്ല എന്ന് കര്‍ണാടക പൊതു മരാമത്ത് മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന് കേന്ദ്രം പുതിയ കത്ത് നല്‍കിയത്. റോഡിന്റെ വീതി കൂട്ടുന്നത്തിലൂടെയും കമ്പി വല ഉയര്‍ത്തുന്നത്തിലൂടെയും മൃഗങ്ങളുടെ സുരക്ഷാ ഉറപ്പാക്കാം എന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിലപാട്. കേന്ദ്ര നിര്‍ദേശം കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ പരിഗണയിലാണ്. കര്‍ണാടക സര്‍ക്കാരിന്റെ നിലപാട് ആഗസ്ത് 8 ന് സുപ്രിം കോടതിയെ അറിയിക്കും.

അതേസമയം ദേശിയ പാത 67 ലെ രാത്രി കാല ഗതാഗത നിയന്ത്രണം തുടരുന്നതിനോട് തമിഴ്‌നാടിന് എതിര്‍പ്പില്ല. ഈ സാഹചര്യത്തില്‍ ദേശിയ പാത 67 ലെ നിരോധനം തുടരും. അതേസമയം ബന്ദിപ്പൂര്‍ രാത്രികാല ഗതാഗത നിയന്ത്രണത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. രാത്രികാല ഗതാഗതത്തിനായി പുതുതായി സമാന്തര പാത ഉണ്ടാക്കണമെന്നും സുപ്രിം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. കുട്ട, ഗോണിഗുപ്പ വഴി മാനന്തവാടിയിലേക്ക് എത്താവുന്ന സമാന്തര പാത ഉപയോഗിക്കണം എന്നാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ ശുപാര്‍ശ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top