ട്രോളിംഗ് നിരോധനം അവസാനിച്ചു: കിളിമീന്‍ കൊയ്ത്തിന്റെ ആവേശവുമായി കൊല്ലത്തെ മത്സ്യത്തൊഴിലാളികള്‍

കൊല്ലം മത്സ്യ മേഖലയില്‍ ഉണര്‍വ് പകര്‍ന്ന് തീരദേശത്ത് കിളിമീന്‍ കൊയ്ത്ത്. കൊല്ലത്തെ ശക്തികുളങ്ങര ഹാര്‍ബറില്‍ അടുപ്പിച്ച ബോട്ടുകളിലെല്ലാം കിളിമീന്‍ നിറഞ്ഞിരുന്നു. ട്രോളിങ്ങ് നിരോധനം പിന്‍വലിച്ച ശേഷം ആദ്യമായാണ് ഇത്രയധികം കിളിമീനും കരിക്കാടിയും ലഭിക്കുന്നത്.

കൊല്ലത്തെ നീണ്ടകരയില്‍ നിന്നും ശക്തികുളങ്ങരയില്‍ നിന്നും കഴിഞ്ഞ ദിവസം കടലില്‍ പോയ ബോട്ടുകളെല്ലാം തിരിച്ചെത്തിയത് അത്യുത്സാഹത്തോടെയാണ്. ബോട്ടുകള്‍ക്കുള്ളില്‍ കിളിമീന്‍ കുന്ന് കുട്ടിയിരിക്കുന്നു. ഇത് മത്സ്യബന്ധന തുറമുഖത്തിന് സമ്മാനിച്ചത് ആവേശത്തിന്റെ നിമിഷങ്ങള്‍. അതേസമയം, കരിക്കാടി ചെമ്മീന്‍ ലഭിക്കാത്തത് മൂലം ഇത്തവണ കിളിമീനിന് ഹാര്‍ബറുകളില്‍ കുത്തനെ വില ഉയര്‍ന്നതായി കച്ചവടക്കാര്‍ പറയുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മത്സ്യവരവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാക്കണമെന്നും കച്ചവടക്കാര്‍ പറഞ്ഞു

ആയിരത്തി അഞ്ഞൂറോളം ബോട്ടുകളാണ് നീണ്ടകര ശക്തികുളങ്ങര ഹാര്‍ബറുകളില്‍ നിന്നും കടലില്‍ പോയത്. ഇവര്‍ക്ക് നാല്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ വിലയുള്ള മത്സ്യങ്ങള്‍ ലഭിച്ചു. വിദേശ നാണ്യം നേടിത്തരുന്ന മത്സ്യങ്ങളില്‍ ഒന്നാണ് കിളിമീന്‍. ഈ ഉണര്‍വ് ഏതാനും ദിവസങ്ങള്‍കൂടി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top