ആരോഗ്യനിലയില്‍ പുരോഗതി; കരുണാനിധിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു

ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കഴിഞ്ഞ നാല് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യ നിലയെക്കുറിച്ച് ഡോക്ടര്‍മാരോടും മകനും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിനോടും രാഹുല്‍ ഗാന്ധി വിവരങ്ങള്‍ ആരാഞ്ഞു.

കരുണാനിധിയെ നേരിട്ട് കാണാനായെന്നും അദ്ദേഹത്തിന്റെ നിലയില്‍ പുരോഗതിയുണ്ടെന്നും രാഹുല്‍ പ്രതികരിച്ചു. അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ തന്നെ തുടരുമെന്നും കാവേരി ആശുപത്രി അധികൃതര്‍ ഇന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അദ്ദേഹത്തെ ഗോപാലപുരത്തെ വസതിയില്‍ നിന്നും ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്രാശത്തിലെ അണുബാധയ്‌ക്കൊപ്പം പനി കൂടിയതാണ് 94 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകാന്‍ കാരണമായത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുകയാണ് അദ്ദേഹം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top