“ആര്‍ത്തവം പ്രകൃതി നിയമം”, ശബരിമലയില്‍ എന്നും ദര്‍ശനം അനുവദിക്കുന്നതിനെയും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കുന്നതിനേയും അനുകൂലിച്ച് കെ സുരേന്ദ്രന്‍; സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത് രണ്ടുവര്‍ഷം മുമ്പ് എഴുതിയ കുറിപ്പ്

ആര്‍ത്തവകാലത്ത് നമ്മുടെ നാട്ടില്‍ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദര്‍ശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നതിനിടയില്‍ ഒരു ആര്‍ത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാല്‍പത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉല്‍സവാനന്തരം നടത്തുന്ന പ്രശ്‌നചിന്തയില്‍ തന്നെ തെളിയുന്നത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അര്‍ത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പന്‍ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നല്‍കിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്? ഇതെല്ലാം ചോദിക്കുന്നത് മറ്റാരുമല്ല, ബിജെപി നേതാവ് കെ സുരേന്ദ്രനാണ്. രണ്ടുവര്‍ഷം മുമ്പ് അദ്ദേഹം എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിക്കഴിഞ്ഞു.

എല്ലാ ദിവസവും ദര്‍ശന സൗകര്യം ഒരുക്കണമെന്നും സുരേന്ദ്രന് അഭിപ്രായമുണ്ട്. മൊത്തത്തില്‍ പുരോഗമന ചിന്താഗതിക്കാരും ഇടതുപക്ഷവുമെല്ലാം പുലര്‍ത്തുന്ന അതേ നിലപാട്. സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ ഇത് പറഞ്ഞപ്പോള്‍ അസഭ്യവര്‍ഷം പുറത്തെടുത്ത സംഘപരിവാര്‍ അനുയായികള്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് കെ സുരേന്ദ്രന്റെ പോസ്റ്റ്. അദ്ദേഹം കുറിച്ചത് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

ശബരിമലയിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം സർക്കാരിനോ ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ ഇല്ല. അഭിപ്രായം ആർക്കും പറയാം. അവിടെ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം വേണമെന്നും വർഷത്തിൽ എല്ലാ ദിവസവും ദർശനസൗകര്യം വേണമെന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്.

ഇക്കാര്യത്തിൽ ഭക്തജനങ്ങൾക്കിടയിൽ ഒരു ചർച്ച നടക്കുന്നതിൽ വേവലാതി വേണ്ടെന്നാണ് എനിക്കു തോന്നുന്നത്. പത്തു വയസ്സിനും അൻപതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കു മാത്രമാണ് അവിടെ വിലക്കുള്ളത്. മലയാളമാസം ആദ്യത്തെ അഞ്ചു ദിവസം ഇപ്പോൾ ഭക്തർക്കു ദർശനസൗകര്യവുമുണ്ട്. അഞ്ചു ദിവസവും മുപ്പതു ദിവസവും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? മണ്ഡല മകര വിളക്കു കാലത്തെ തിരക്ക് ഒഴിവാക്കാൻ ഇതു സഹായകരമാവുമെങ്കിൽ ഈ നിർദ്ദേശം പരിഗണിച്ചുകൂടെ? അപകടഭീഷണി ഒഴിവാക്കുകയും ചെയ്യാം.തിരക്കു മുതലെടുത്ത് വലിയ തീവെട്ടിക്കൊള്ളയാണ് ചില ഗൂഡസംഘം അവിടെ നടതത്തുന്നത്. വൻതോതിൽ ചൂഷണം ഭക്തർ നേരിടുന്നുണ്ട്.

പിന്നെ ആർത്തവകാലത്ത് നമ്മുടെ നാട്ടിൽ സ്ത്രീകളാരും ഒരു ക്ഷേത്രത്തിലും പോകാറില്ല. ദർശനസമയത്ത് ദേഹശുദ്ധിയും മനശുദ്ധിയും വേണം. നാൽപത്തി ഒന്നു വ്രതം എടുക്കുന്നതിനിടയിൽ ഒരു ആർത്തവം വരില്ലേ എന്നതാണല്ലോ ചോദ്യം. അതിനു അവിടെ വരുന്ന മഹാഭൂരിപക്ഷം പുരുഷഭക്തന്മാരും നാൽപത്തി ഒന്നു വ്രതം എടുക്കുന്നുണ്ടോ? ഇല്ലെന്നാണ് ഉൽസവാനന്തരം നടത്തുന്ന പ്രശ്നചിന്തയിൽ തന്നെ തെളിയുന്നത്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ട് സ്ത്രീ വിരോധിയാണെന്ന് അർത്ഥമില്ല. യൗവനയുക്തയായ മാളികപ്പുറത്തിനു അയ്യപ്പൻ തൊട്ടടുത്തു തന്നെയാണ് ഇരിപ്പിടം നൽകിയതെന്ന വസ്തുത വിസ്മരിക്കരുത്. പിന്നെ ആർത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയിൽ മാനവജാതി നിലനിൽക്കുന്നത്? അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്.

ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളിൽ അംഗീകരിച്ചിട്ടുണ്ട്. സെമിററിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാററങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്. വിശ്വാസികളല്ലാത്ത ചില ഫെമിനിസ്ടുകളും അവരുടെ രാഷ്ട്രീയ യജമാനൻമാരും നടത്തുന്ന പ്രചാരണം ദുഷ്ടലാക്കോടെയാണ്. യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ. ഇതാണ് ഹിന്ദുവിന്റെ എക്കാലത്തേയും സ്ത്രീകളോടുള്ള കാഴ്ചപ്പാട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top