ഹനാനെതിരെയുള്ള അപവാദ പ്രചരണം; സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് വിഎസ്

തിരുവനന്തപുരം: ഹനാന്‍ എന്ന പെണ്‍കുരുന്നിനു നേരെ സംഘടിതമായി നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയപ്രകാരം കേസെടുക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അഭിമാനം പണയംവെക്കാതെ, തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച്, എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തുകൊണ്ട് സ്വന്തം നിലനില്‍പ്പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നു. എന്നാല്‍, വസ്തുതകള്‍ മനസ്സിലാക്കുകപോലും ചെയ്യാതെ, പാവപ്പെട്ടവരുടെ അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അപനിര്‍മ്മിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ച നവമാധ്യമങ്ങളിലെ പുഴുക്കുത്തുകള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിട്ടുള്ളത്. ഇത്തരക്കാര്‍ പൊതു സമൂഹത്തിന് ഭാരമാണ് എന്നും അദ്ദേഹം പറഞ്ഞു.

യാതൊരുവിധ സാമൂഹ്യ ഉത്തരവാദിത്വങ്ങളുമില്ല എന്ന മട്ടില്‍ ഒരു പെണ്‍കുട്ടിയെ സമൂഹമധ്യത്തില്‍ ഇകഴ്ത്തിക്കാട്ടാനും നശിപ്പിക്കാനും നടത്തിയ ശ്രമങ്ങളെ അപലപിക്കുന്നു. ആ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കാന്‍ മുന്നോട്ടുവന്ന എല്ലാ സുമനസ്സുകളെയും അഭിനന്ദിക്കുന്നു. കാര്യങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഈ പെണ്‍കുട്ടിക്ക് നേരെ നടന്ന നവമാധ്യമ ആക്രമണങ്ങളുടെ പിന്നാമ്പുറങ്ങളടക്കം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ബാധ്യത പോലീസ് നിറവേറ്റണം എന്നും വിഎസ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top