ശബരിമല സ്ത്രീപ്രവേശനം: ഹര്‍ജികളില്‍ ഇന്ന് വാദം തുടരും

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യെ പ്രവേശനം അനുവദിക്കണമെന്നവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളില്‍ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് മുന്‍പാകെ ഇന്ന് വാദം തുടരും. ശബരിമല തന്ത്രി ഉള്‍പ്പെടെ കേസില്‍ കക്ഷി ചേര്‍ന്നവരുടെ വാദമാണ് ഇന്ന് കോടതിയില്‍ നടക്കുക. സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന ദേവസ്വം ബോര്‍ഡിന്റെയും എന്‍എസ്എസിന്റെയും വാദങ്ങള്‍ കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്.

ശബരിമലയിലെ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനയുടെ സംരക്ഷണം ഉണ്ടെന്ന് എന്‍എസ്എസ് കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ വാദിച്ചിരുന്നു. അമിതാവേശത്തിന്റെ പേരിലാണ് സ്ത്രീപ്രവേശന ആവശ്യമെന്നും അതംഗീകരിച്ചാല്‍ ത്രിശങ്കു സ്വര്‍ഗ്ഗമാണ് ഉണ്ടാവുകയെന്നും എന്‍എസ്എസ് വാദിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശന നിയന്ത്രണങ്ങള്‍ തുടരണമെന്ന ദേവസ്വം ബോര്‍ഡ് നിലപാടിനെ പിന്തുണച്ചായിരുന്നു എന്‍എസ്എസ് വാദം.

എന്നാല്‍ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്ഥയില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് എങ്ങനെയെന്നായിരുന്നു കോടതിയുടെ ചോദ്യം. ആരാധനാലയങ്ങള്‍ എല്ലാവര്‍ക്കും തുറന്നു കൊടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുണ്ടെന്നും ജസ്റ്റിസ് നരിമാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഭരണഘടനയുടെ 25ആം അനുച്ഛേദത്തില്‍ പിന്നാക്ക വിഭാഗക്കാരുടെ പ്രവേശനം മാത്രമാണ് പ്രതിപാദിക്കുന്നതെന്ന് എന്‍എസ്എസ് വിശദീകരിച്ചു. അതേസമയം ശബരിമല തന്ത്രിയുള്‍പ്പെടെയുള്ളവരുടെ വാദമാണ് ഇന്ന് കോടതിയില്‍ നടക്കുക. കേസില്‍ കക്ഷി ചേര്‍ന്ന അയ്യപ്പസേവ സംഘങ്ങള്‍ അടക്കമുള്ളവര്‍ക്ക് വാദിക്കാന്‍ അഞ്ചു മിനുട്ട് അനുവദിക്കാനാണ് കോടതിയുടെ തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top