നിര്‍ണായക എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

ഫയല്‍ചിത്രം

തിരുവനന്തപുരം: നിര്‍ണായക എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് എകെജി സെന്ററിലാണ് യോഗം. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഇടതുമുന്നണി വിപുലീകരണ ചര്‍ച്ചകളാണ് പ്രധാന അജണ്ട. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും രാവിലെ ചേരുന്നുണ്ട്.

മുന്നണി പ്രവേശനം കാത്ത് നില്‍ക്കുന്ന പത്തിലധികം പാര്‍ട്ടികളില്‍ ആരെയൊക്കെയാകും നേതൃത്വം പരിഗണിക്കുക എന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നതിനിടെയാണ് ഇടതുമുന്നണിയോഗം നടക്കുന്നത്. വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് പാര്‍ട്ടി, ഐഎന്‍എല്‍ എന്നിവര്‍ക്കാകും ആദ്യ പരിഗണന ലഭിക്കുക എന്നത് ഏതാണ്ടുറപ്പായി കഴിഞ്ഞു. ഐഎന്‍എല്‍ കാല്‍നൂറ്റാണ്ടായി മുന്നണിക്കൊപ്പം സഹകരിക്കുന്നവരാണ്. വീരേന്ദ്രകുമാര്‍ ഇടക്കാലത്ത് മുന്നണി വിട്ടുവെങ്കിലും നേരത്തേ കൂടെയുണ്ടായിരുന്നവരെന്നത് അവര്‍ക്ക് തുണയാകും. ജനാധിപത്യ കേരളകോണ്‍ഗ്രസ്, ബാലകൃഷ്ണ പിള്ള വിഭാഗം, കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്പി ലെനിനിസ്റ്റ് എന്നിവര്‍ ആവശ്യം ഉന്നയിച്ച് നേതൃത്വത്തിന് കത്ത് നല്‍കി കാത്ത് നില്‍ക്കുന്നവരാണ്.

എല്ലാവരെയും ഒരുമിച്ച് പരിഗണിക്കുന്നതിലെ പ്രായോഗികത ചൂണ്ടിക്കാട്ടി സംയുക്ത കേരളകോണ്‍ഗ്രസ് രൂപീകരിച്ച് മുന്നണിയിലേക്ക് എത്തിക്കൂടേ എന്ന് സിപിഐഎം നേതൃത്വം ചെറുപാര്‍ട്ടികളോട് ആരാഞ്ഞിരുന്നു. പിസി ജോര്‍ജിനെ വരെ കൂടെ ചേര്‍ത്ത് കെഎം മാണിക്ക് ബദലാകാന്‍ കഴിയുന്ന കേരളകോണ്‍ഗ്രസ് സാധ്യതയായിരുന്നു സിപിഐഎം ലക്ഷ്യമിട്ടത്. ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഇതിനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും ഉദ്യമം വിജയിച്ചില്ല. ഒടുവില്‍ സ്‌കറിയാ തോമസ് വിഭാഗവുമായി ലയിച്ച് മുന്നണിലയിലേക്കെത്താമെന്ന പിള്ളയുടെ പദ്ധതിയും ലക്ഷ്യം കാണാതെ പോകുകയായിരുന്നു.

സിപിഐയുടെ അഭിപ്രായം കൂടി പരിഗണിച്ചാകും മുന്നണി വിപുലീകരണത്തില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് തീരുമാനമെടുക്കുക. രാവിലെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇത് സംബന്ധിച്ച ഏകദേശ ധാരണയിലേക്കെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top