മോദിയുടെ ഇന്ത്യയില്‍ മനുഷ്യത്വത്തിന്റെ സ്ഥാനത്ത് പക പ്രതിഷ്ഠിക്കപ്പെടുന്നു: രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി
ദില്ലി: അല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെ പുതിയ ഇന്ത്യയില്‍ മനുഷ്യത്വത്തിന്റെ സ്ഥാനത്ത് പക പ്രതിഷ്ഠിക്കുന്നതായി രാഹുല്‍ ആരോപിച്ചു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് എതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു. ഇതിനിടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ രാജസ്ഥാന് സര്‍ക്കാര്‍ മൂന്ന് അംഗ സമിതിക്ക് രൂപം നല്കി. അക്ബര്‍ ഖാന്റെ കൊലപാതകം തടയുന്നതില്‍ പൊലീസിന് ഗൗരവമേറിയ വീഴ്ച സംഭവിച്ചതിന്റെ വിശദാംശങ്ങളും പുറത്ത് വന്നു.
വെള്ളിയാഴ്ച രാത്രി രാജസ്ഥാനില്‍ ഗോരക്ഷകര്‍ ആക്രമിച്ചു കൊലപ്പെടുത്തിയ അക്ബര്‍ ഖാനെ മര്‍ദിച്ചശേഷം അര്‍ദ്ധരാത്രി പന്ത്രണ്ടേ മുക്കാലോടെ ആക്രമികളിലൊരാള്‍ തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. ഒന്നേകാലോടെ പൊലീസ് എത്തിയെങ്കിലും അക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം പൊലീസ് പശുക്കളെ ഗോശാലയിലേക്ക് മാറ്റുകയാണ് ചെയ്തത്.

ആറു കിലോമീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയിലേക്ക് പോകും വഴി വാഹനം നിര്‍ത്തി പൊലീസുകാര്‍ ചായകുടിച്ചു. മോദിയുടെ പുതിയ ഇന്ത്യയില്‍ മനുഷ്യത്വത്തിന്റെ സ്ഥാനത്ത് വിരോധം പ്രതിഷ്ഠിക്കപ്പെട്ടതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. വിഷയം സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ അംഗങ്ങള്‍ നല്കിയ നോട്ടീസ് ഇരുസഭകളിലും അംഗീകരിക്കപ്പെട്ടില്ല.
കുറ്റക്കാര്‍ക്കെതിരെ നപടി എടുക്കുമെന്നാണ് അന്വേഷണത്തിന് മൂന്നംഗ സമിതിക്ക് രൂപം നല്കിയ രാജസ്ഥാന് സര്‍ക്കാറിന്റെ വിശദീകരണം. അതേസമയം, ആള്‍കൂട്ട കൊലപാതകം തടയാനുള്ള സുപ്രിം കോടതി മാര്‍ഗരേഖ നടപ്പാക്കാത്തതിന് രാജസ്ഥാന് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി ഓഗസ്റ്റ് 28ന് പരിഗണിക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക