“മോദിയുടെ ജനപ്രീതി വര്‍ധിക്കുമ്പോഴാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടാകുന്നത്, ഇത് ഗൂഢാലോചന”: ബിജെപി മന്ത്രി

അല്‍വാര്‍: രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയുമായി ബന്ധിപ്പിച്ച് കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഗ്‌വാള്‍. പ്രധാനമന്ത്രിയുടെ ജനപ്രീതി വര്‍ധിക്കുന്നതിന് അനുസരിച്ച് ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ പോലുള്ള സംഭവങ്ങളും വര്‍ധിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. മോദിയുടെ ജനപ്രീതിയില്‍ അസൂയപൂണ്ടവരാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ അല്‍വാറില്‍ ഗോ സംരക്ഷകര്‍ അക്ബര്‍ എന്ന യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. “ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോ സംരക്ഷണത്തിന്റെ പേരിലുണ്ടാകുന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മോദി കൂടുതല്‍ ജനപ്രിയനാകുമ്പോള്‍ ഇത്തരം സംഭവങ്ങളും ഉണ്ടാകുന്നു. ബിഹാര്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അവാര്‍ഡ് തിരിച്ച് നല്‍കുന്ന സംഭവം ഉണ്ടായി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സമയത്താണ് ആള്‍ക്കൂട്ടആക്രമങ്ങള്‍ ഉടലെടുത്തു. ഇപ്പോള്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ മറ്റുചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. അസഹിഷ്ണുത ഉടലെടുക്കുകയാണ്. എന്തെന്നാല്‍ മോദി നടപ്പിലാക്കുന്ന പദ്ധതികള്‍ താഴേത്തട്ടില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. അതിന്റെ പ്രതിപ്രവര്‍ത്തനങ്ങളാണ് ഈ നടക്കുന്നത്”. മന്ത്രി പറഞ്ഞു.

അല്‍വാറില്‍ അക്ബര്‍ എന്ന 28 കാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച മന്ത്രി പക്ഷെ ഇത്തരം അക്രമത്തിന്റെ മൂലകാരണം എന്താണെന്ന് ചിന്തിക്കണമെന്ന് കൂടി അഭിപ്രായപ്പെട്ടു. “ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണ്. ഞങ്ങള്‍ ഇതിനെ അപലപിക്കുന്നു. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. നിങ്ങള്‍ ചരിത്രം നോക്കണം, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. അതിന് വേണ്ട നിര്‍ദേശങ്ങള്‍ നിങ്ങള്‍ തരണം. 1984 ല്‍ നടന്ന സിഖ് കൂട്ടക്കൊലയാണ് രാജ്യം കണ്ട എക്കാലത്തെയും വലിയ ആള്‍ക്കൂട്ട കൊലപാതകം”. മന്ത്രി വ്യക്തമാക്കി.

മന്ത്രുയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇത്തരത്തില്‍ സര്‍ക്കാര്‍ പിന്തുണയ്ക്കാനുണ്ടെന്ന ഉറപ്പിലാണ് ഇക്കൂട്ടര്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടത്തുന്നത്. ക്രമസമാധാനം കൈയിലെടുക്കാന്‍ ചിലരെ പ്രേരിപ്പിക്കുന്നതാണ് ഇത്തരം പ്രസ്താവനകള്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top