ഡബ്ല്യുസിസിയെ അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചു, കൂടിക്കാഴ്ച ഓഗസ്റ്റ് ഏഴിന് കൊച്ചിയില്‍

കൊച്ചി: വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളെ താരസംഘടനയായ അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചു. നടിമാരായ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് ചര്‍ച്ച.

ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ വനിതാ അംഗങ്ങളെന്ന നിലയില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്ക് കത്ത് നല്‍കിയത്. ഇവര്‍ കത്തില്‍ ഉന്നയിച്ചിരിയ്ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടുത്ത മാസം ഏഴിന് കൊച്ചിയില്‍ ഇവരുമായി അമ്മ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തുക. ഇവര്‍ ഉന്നയിച്ച ആവശ്യങ്ങളിന്മേല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നേരത്തെ തന്നെ അമ്മ അറിയിച്ചിരുന്നു. ജൂണ്‍ 24ന് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍, അജണ്ടയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയലോചിക്കാതെയുമാണ് ഈ തീരുമാനം എടുത്തതെന്നാണ് ഡബ്ല്യുസിസിയുടെ പരാതി.

പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി അമ്മ സ്വീകരിച്ച നടപടികള്‍, അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം അമ്മയുടെ നിയമാവലി രൂപപ്പെടുത്തുന്ന വിഷയം, സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനയ്ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ എന്നിവയില്‍ ചര്‍ച്ച വേണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

യോഗം നടന്ന 24 ന് തങ്ങള്‍ കേരളത്തിന് പുറത്തായിരുന്നെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും നേരത്തെ നടിമാര്‍ വിശദീകരിച്ചിരുന്നു. ഇവരുടെ കൂടെ സൗകര്യം പരിഗണിച്ചാണ് അടുത്ത മാസം ഏഴിന് ചര്‍ച്ച വച്ചിരിയ്ക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top