അഞ്ചലിലെ മര്‍ദനക്കൊല: പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി എസ്പിയുടെ റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം

കൊല്ലം: അഞ്ചലില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ ലോക്കല്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റിയതായി റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റ് ഏഴ് മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസ് മണിക് റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. അറസ്റ്റിലായി നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളിലൊരാളായ ആസിഫിന്റെ ബൈക്ക് പൊലീസ് ഇതുവരെയും കണ്ടെടുത്തിട്ടില്ല.

ജൂണ്‍ 24 ന് വൈകിട്ട് അഞ്ചിനാണ് മണിക് റോയിക്ക് അഞ്ചലിന് സമീപം വച്ച് മര്‍ദ്ദനം ഏല്‍ക്കുന്നത്. എന്നാല്‍ പൊലീസ് മണിക് റോയ് കിടന്ന ആശുപത്രിയിലെത്തുന്നത് രാത്രി 11.55 ന്. ഇതരസംസ്ഥാന തൊഴിലാളിക്ക് മര്‍ദ്ദനമേറ്റ സംഭവം തങ്ങള്‍ അറിഞ്ഞില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് അഞ്ചല്‍ പൊലീസിന്റെ വിശദീകരണം.

അഞ്ചല്‍ പൊലീസ് സ്റ്റേഷനും സംഭവസ്ഥലവും തമ്മില്‍ രണ്ട് കിലോമീറ്ററാണ് ദൂരം. മണിക് റോയിയെ തടഞ്ഞ് നിര്‍ത്തി ആദ്യം മര്‍ദ്ദിക്കുന്നത് ഒന്നാം പ്രതി ശശിധരക്കുറുപ്പാണ്. ഇയാളാണ് ആസിഫിനെ ബൈക്കില്‍ വിളിച്ച് വരുത്തുന്നത്. പക്ഷേ ഈ ബൈക്കിനെക്കുറിച്ച് പൊലീസിന് യാതൊരു വിവരവുമില്ല. കോഴിയെ മണിക് റോയിക്ക് വിറ്റത് സുന്ദരന്‍ ആചാരിയാണ്. ഇയാളുടെ മൊഴിയില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ മണിക്കിനെ മര്‍ദ്ദിച്ചത് താന്‍ കണ്ടുവെന്ന് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ രേഖകള്‍ പരിശോധിച്ച് കൂടുതല്‍ അറസ്റ്റിന് തയ്യാറെടുക്കുകയാണ് പുതിയ അന്വേഷണഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top