മലയാളത്തിലും വരുന്നു ഒരു വെബ് സീരിസ്; ആസ്വാദക ശീലങ്ങള്‍ മാറ്റിയെഴുതാന്‍ ‘ഹെല്‍ മെയ്റ്റ്’

മലയാളി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതമല്ലാത്ത ഒരു കഥ പറച്ചില്‍ രീതിയാണ് വെബ് സീരിസുകള്‍. ചെറിയ കഥയെ ചുരുങ്ങിയ സമയത്തിലൊതുക്കാതെ ഓരോ എപ്പിസോഡുകളാക്കി അവതരിപ്പിക്കുന്ന രീതി അന്യഭാഷകളില്‍ ഉള്‍പ്പെടെ കണ്ട് ശീലിച്ച മലയാളികളുടെ മുന്നിലേയ്ക്ക് വെബ് സീരീസ് വിഭാഗത്തില്‍ ഹ്രസ്വചിത്രവുമായെത്തുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍.

ഹെല്‍മെയ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു കൊലപാതകിയുടെ ജീവിതത്തെ ആധാരമാക്കിയാണ് കഥ പുരോഗമിക്കുന്നത്. ദുബായിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്ന മഹേഷ് പി നായര്‍ സംവിധാനം ചെയ്ത് നിജയ് ഘോഷ് തിരക്കഥ എഴുതുന്ന ചിത്രമാണ് ഹെല്‍മെയ്റ്റ്. അഞ്ച് എപ്പിസോഡുകളായാണ് ഹെല്‍മെയ്റ്റ് എത്തുക. ഒരു എപ്പിസോഡിന് 7 മിനിറ്റ് ദൈര്‍ഘ്യമുണ്ടാകും. വ്യത്യസ്ത വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തങ്ങളുടേതായ സ്ഥാനമുണ്ടാക്കിയ ചലച്ചിത്ര താരങ്ങളായ ഷാജു ശ്രീധര്‍, രാജേഷ്ബാബു, നിതിന്‍ സൈനുദ്ദീന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തില്‍ പത്തോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. ഒരു സിനിമാക്കാരന്‍, ടേക്ക്ഓഫ്, ആന അലറലോടലറല്‍, ഹിന്ദി ചിത്രം റെയ്‌സ് 3 എന്നീ ചിത്രങ്ങളില്‍ രാജേഷ് ബാബു ചെയ്ത കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിമിക്രിയിലൂടെ മലയാള സിനിമായിലേയ്‌ക്കെത്തിയ ഷാജു ചെറുതും വലുതുമായ നിരവധി വേഷങ്ങളിലെത്തിയിട്ടുണ്ട്. നിതിന്‍ സൈനുദ്ദീന്‍ അടുത്തിടെ ഇറങ്ങിയ ചങ്ക്‌സ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

ഛായാഗ്രഹണവും എഡിറ്റിംഗും വൈശാഖ്, ക്യാമറ അസിസ്റ്റന്റ് സഗീത്, സംഗീതം രതീഷ് റോയി, മേക്കപ്പ് ഷിജി താനൂര്‍, ഫോട്ടോഗ്രാഫര്‍ ബിജു എച്ച്, ബിജു ഹരി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ കിരണ്‍ ഗോപാലകൃഷ്ണന്‍, മുഹമ്മദ് സഹല്‍, ഫലാല്‍ തുടങ്ങി സിനിമാ മോഹവുമായി ഒത്തുചേര്‍ന്ന ദുബായ് മലയാളികളാണ് ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നത്. ഏതന്‍സ് പ്രൊഡക്ഷന്‍സിന്റെ ജെന്‍സി സാമുവലും ഡ്രീം സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മണ്‍സൂണ്‍ മീഡിയാസ് യൂട്യൂബിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹെല്‍മെയ്റ്റ് ആദ്യ ഭാഗം ഓഗസ്റ്റ് മൂന്നിന് ചിത്രീകരണം ആരംഭിച്ച് സെപ്റ്റംബറില്‍ പുറത്തിറങ്ങും. തുടര്‍ന്ന് ഓരോ മാസവും ഓരോ എപ്പിസോഡുകള്‍ പുറത്തിറക്കി ജനുവരിയോടെ എല്ലാ സീരീസും പുറത്തിറക്കാനാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനുള്‍പ്പെടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ബിഗ് ബജറ്റില്‍ മലയാളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ചിത്രം പുറത്തിറങ്ങുന്നത്. മഹേഷ് പി നായര്‍, നിജയ് ഘോഷ് കൂട്ടുകെട്ടിന്റെ മുന്‍ വര്‍ഷങ്ങളില്‍ ഇറങ്ങിയ ‘നിശാഗന്ധി’യും ‘പ്ലാന്‍ ഡി’യും പ്രേക്ഷകരില്‍ ഏറെ സ്വീകാര്യത ഉണ്ടാക്കിയ ചിത്രങ്ങളായിരുന്നു. പ്രമേയത്തിലെ വ്യത്യസ്തകൊണ്ടും അവതരണത്തിലെ പുതുമുഖ കൊണ്ട് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളകളില്‍ ഉള്‍പ്പെടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ പ്രതീക്ഷയിലാണ് സിനിമാ ആസ്വാദകരും.

ഹെല്‍ മെയ്റ്റ് ടീം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top