ബിന്ദു പത്മനാഭന്റെ തിരോധാനം: വില്‍പ്പത്രവും വ്യാജമെന്ന് പരാതി, അന്വേഷണം വഴിത്തിരിവില്‍

കാണാതായ ബിന്ദു

ആലപ്പുഴ: ചേര്‍ത്തല സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവും വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത സംഭവവും സംബന്ധിച്ച അന്വേഷണം വീണ്ടും വഴിത്തിരിവിലേയ്ക്ക്. ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന വില്‍പ്പത്രവും വ്യാജമാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ബിന്ദുവിന്റെ സഹോദരന്‍ പ്രവീണ്‍ കുമാറാണ് ചേര്‍ത്തല ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കിയത്.

ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ പേരില്‍ വ്യാജ മുക്ത്യാര്‍ തയ്യാറാക്കി വസ്തു തട്ടിയെടുത്ത കേസ് വിവാദമായിരിക്കെയാണ് ബിന്ദുവിന്റെ സഹോദരന്‍ പ്രവീണ്‍ കുമാര്‍ ചേര്‍ത്തല ഡിവൈഎസ്പിയ്ക്ക് പുതിയ പരാതി നല്‍കിയത്. ബിന്ദുവിന്റെ പേരില്‍ പിതാവ് പത്മനാഭപിള്ള എഴുതിയതെന്ന് പറയുന്ന വില്‍പ്പത്രം വ്യാജനാണെന്ന് പരാതിയില്‍ പറയുന്നു. 1999 നവംബറില്‍ എഴുതിയ ആദ്യ വില്‍പ്പത്രത്തില്‍ രണ്ട് മക്കള്‍ക്കും സ്വത്തുക്കള്‍ വീതം വച്ചിട്ടുണ്ട്. എന്നാല്‍ 2002 ഡിസംബറില്‍ തയ്യാറാക്കിയ വില്‍പ്പത്രത്തില്‍ സ്വത്തുക്കള്‍ മുഴുവന്‍ ബിന്ദുവിന്റെ പേരിലാണ് എഴുതിയിട്ടുള്ളത്. ഇത് വ്യാജമായി തയ്യാറാക്കിയതാണെന്നും അന്വേഷണം വേണമെന്നുമാണ് പ്രവീണ്‍കുമാര്‍ ചേര്‍ത്തല ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

രണ്ട് മക്കളുള്ളപ്പോള്‍ ഒരാള്‍ക്ക് മാത്രമായി വില്‍പ്പത്രം എഴുതാന്‍ സാധ്യതയില്ല. മാത്രമല്ല രണ്ടാമത്തെ വില്‍പ്പത്രത്തില്‍ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് ചേര്‍ത്തല സ്വദേശിയും റവന്യൂ ജീവനക്കാരനുമായിരുന്ന ദേവസ്യയാണ്. എന്നാല്‍ താന്‍ അങ്ങനെ ഒപ്പിട്ടിട്ടില്ലെന്ന് ദേവസ്യ പറയുന്നു. വ്യാജ മുക്ത്യാര്‍ തയ്യാറാക്കിയ സെബാസ്റ്റ്യനും സംഘവും ചേര്‍ന്ന് വില്‍പ്പത്രത്തിലും ക്രമക്കേട് നടത്തിയതാകാമെന്നും സൂചനയുണ്ട്.

വ്യാജമുക്ത്യാര്‍ തയ്യാറാക്കി സ്വത്ത് തട്ടിയെടുത്തതും ബിന്ദുവിന്റെ തിരോധാനവുമാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. വില്‍പ്പത്രത്തിലും തിരിമറി നടത്തിയിട്ടുണ്ടെന്ന പരാതി ലഭിച്ചതോടെ ആ വഴിയ്ക്കും അന്വേഷണം നീളുമെന്ന് ഉറപ്പാണ്. രണ്ടാമത്തെ വില്‍പ്പത്രം വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തിന് ബിന്ദുവിന്റെ സഹോദരന്‍ പ്രവീണ്‍ കുമാറിനും അവകാശമുണ്ടാകും. വരും ദിവസങ്ങളില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top