അഭിമന്യു വധം: പൊലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് എഐഎസ്എഫ്

അഭിമന്യു

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളെജിലെ വിദ്യാര്‍ത്ഥി നേതാവ് അഭിമന്യുവിനെ മതതീവ്രവാദ സംഘടനയായ ക്യാമ്പസ് ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയിട്ട് 12 ദിവസം പിന്നിടുമ്പോഴും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് വ്യക്തമാക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

ഇപ്പോള്‍ അറസ്റ്റിലായ ചില പ്രതികള്‍ മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥികള്‍ പൊലീസിന് കൈമാറിയവരാണ്. പ്രധാന പ്രതികള്‍ വിദേശത്തേക്ക് കടന്നു എന്ന പൊലീസ് ഭാഷ്യം പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണ് സൂചിപ്പിക്കുന്നത്. അന്വേഷണങ്ങളും, റെയിഡുകളും നടക്കുന്നതല്ലാതെ പ്രധാന പ്രതികളിലേക്ക് എത്തുന്ന സൂചനകള്‍ കാണുന്നില്ല. സാമൂഹിക പ്രതിബദ്ധതയും തികഞ്ഞ ഇടതുപക്ഷ വീക്ഷണവുമുള്ള അഭിമന്യുവിനെ ആസൂത്രിതമായി കൊലപ്പെടുത്താനുള്ള മത തീവ്രവാദ സംഘടനയുടെ ഗൂഢാലോചനയില്‍ പങ്കാളികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ജാഗ്രത പൊലീസ് കാട്ടണം, എഐഎസ്എഫ് വ്യക്തമാക്കി.

പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് മത തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാവുകയും, ഈ സാഹചര്യങ്ങളെ മുതലെടുത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്ക് കരുത്തു പകരുകയും ചെയ്യും. അഭിമന്യു വധത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് മാതൃകപരമായി ശിക്ഷിക്കുന്നതിന് പൊലീസ് നിഷ്‌ക്രിയത്വം വെടിയണമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ജെ അരുണ്‍ ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും പ്രസ്ഥാവനയിലൂടെ അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top