സ്വവര്‍ഗാനുരാഗികള്‍ സമൂഹത്തില്‍ നിന്ന് കടുത്ത വിവേചനം നേരിടുന്നു: സുപ്രിം കോടതി

ദില്ലി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പ് എടുത്തുകളഞ്ഞാല്‍ സ്വവര്‍ഗ അനുരാഗികള്‍ സമൂഹത്തില്‍ നേരിടുന്ന അപമാനത്തിന് അറുതിയാകുമെന്ന് സുപ്രിം കോടതി. രാജ്യത്തെ ഇടത്തരം നഗരങ്ങളിലും ഗ്രാമങ്ങളിലും ചികിത്സപോലും നല്‍കാതെ സ്വവര്‍ഗാനുരാഗികളെ മാറ്റി നിര്‍ത്തുകയാണെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജികളില്‍ ചൊവ്വാഴ്ച വാദം പൂര്‍ത്തിയാകും.

ഇന്ത്യന്‍ ശിക്ഷാ നിയമം 377ആം വകുപ്പ് കാരണം സ്വവര്‍ഗ പങ്കാളികള്‍ ഉള്‍പ്പെടുന്ന എല്‍ജിബിടി സമൂഹം നേരിടുന്ന അവകാശലംഘനങ്ങളാണ് സുപ്രിം കോടതി ചൂണ്ടിക്കാട്ടിയത്. സ്വവര്‍ഗാനുരാഗികളോട് വര്‍ഷങ്ങളായി സമൂഹം കാണിക്കുന്ന കടുത്ത വിവേചനം അവരെ മാനസികമായി തന്നെ ബാധിച്ചിട്ടുണ്ട്. കുടുംബത്തെയും സമൂഹത്തെയും ഭയന്ന് ഇവര്‍ക്ക് സ്വന്തം ലൈംഗികത മറച്ചുവയ്‌ക്കേണ്ടി വരുന്നു. പലപ്പോഴും ചികിത്സപോലും നിഷേധിക്കപ്പെടുന്നു.

പ്രപഞ്ചത്തിലെ നൂറുകണക്കിന് ജീവികള്‍ ഒരേ ലിംഗത്തില്‍പ്പെട്ട ജീവികളുമായാണ് വേഴ്ച നടത്തുന്നതെന്ന് ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നിരീക്ഷിച്ചു. എന്നാല്‍ ഹിന്ദു ആത്മീയ ഗ്രന്ഥങ്ങളിലെ ദര്‍ശനങ്ങളെ സ്വവര്‍ഗരതിയെ ന്യായീകരിക്കാനായി കൂട്ടുപിടിക്കരുതെന്ന് കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജര്‍ ആകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. സ്വവര്‍ഗ രതിയെ എതിര്‍ക്കുന്ന ക്രൈസ്തവ സംഘടനകള്‍ അടക്കമുള്ളവരുടെ വാദം ചൊവ്വാഴ്ച നടക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top