കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച സംഭവം; ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

കോട്ടയം: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. മജിസ്‌ട്രേറ്റിന് മുന്നിലോ അന്വേഷണ സംഘത്തിന് മുന്നിലോ കീഴടങ്ങാനും വൈദികര്‍ ശ്രമം നടത്തുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനും നീക്കമുണ്ട്.

കഴിഞ്ഞ മെയ് ആദ്യ വാരമാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സഭാ നേതൃത്വത്തിന് തന്നെയായിരുന്നു യുവാവ് പരാതി നല്‍കിയത്. കുംബസാരരഹസ്യം മറയാക്കി തന്റെ ഭാര്യയെ അഞ്ച് വൈദികര്‍ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദികര്‍ക്കെതിരെ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട് രേഖകളും ഫോണ്‍ സംഭാഷണ ശബ്ദരേഖകളും പരാതിക്കാരന്‍ സഭയ്ക്ക് കൈമാറിയിരുന്നു.

ഇതിനിടെ പരാതി സഭ പൊലീസിന് നല്‍കാത്തതിലും പൊലീസ് സ്വമേധയ കേസെടുക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പൊലീസിന് പിന്നാലെ കോടതിയും മൊഴി രേഖപ്പെടുത്തിയതോടെ കേസ് ശക്തമായി.

പൊലീസിന് നല്‍കിയ മൊഴി യുവതി മജിസ്‌ട്രേറ്റിനും മുന്നിലും യുവതി ആവര്‍ത്തിച്ചതോടെ വൈദികരുടെ കുരുക്ക് മുറുകുകയായിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച വൈദികരുടെ ഹര്‍ജി തള്ളിയതോടെയാണ് വൈദികരുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. ഒളിവിലുള്ള വൈദികരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനും വൈദികര്‍ നീക്കം നടത്തുന്നുണ്ട്.എന്നാല്‍ സുപ്രിംകോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് അന്വേഷണവുമായി സഹകരിക്കാനും വൈദികര്‍ കീഴടങ്ങനുള്ള സാധ്യതയാണ് കൂടുതല്‍. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ പ്രതികളെ കൊല്ലത്തോ എറണാകുളത്തോ എത്തിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top