‘ഒന്നുകില്‍ സംരക്ഷിക്കണം, അല്ലെങ്കില്‍ പൊളിച്ചുനീക്കണം’; താജ്മഹല്‍ സംരക്ഷണ വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ താക്കീത്

ദില്ലി: താജ്മഹല്‍ സംരക്ഷണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ അടച്ചിടുകയോ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി.

താജ്മഹലിന്റെ അറ്റകുറ്റപ്പണി സമയ ബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോടതിയുടെ വിമര്‍ശനം. ഇതിന് പുറമെ താജ്മഹലിനെ മലിനപ്പെടുത്തുന്ന സ്രോതസ്സുകള്‍ കണ്ടെത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും മലിനീകരണം തടയാന്‍ സമിതി മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കണമെന്നും കോടതി ഉത്തരവിട്ടു.

താജ്മഹല്‍ നല്ല രീതിയില്‍ പരിപാലിച്ചാല്‍ വിദേശ നാണ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നും ഫ്രാന്‍സിലെ ഈഫല്‍ ടവറിനേക്കാള്‍ മനോഹരമാണ് താജ്മഹലെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഉദാസീനത കൊണ്ട് രാജ്യത്തിന് സംഭവിക്കുന്ന നഷ്ടം എത്രമാത്രമാണെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top