കേന്ദ്രാനുമതി ലഭിച്ചു; രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദ സര്‍ക്കാര്‍ കോളെജ് വയനാട്ടിലേക്ക്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദ സര്‍ക്കാര്‍ കോളെജ് വയനാട്ടിലേക്ക്. 50 ശതമാനം ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉദ്ദേശിച്ചുള്ള കോളെജിന് കേന്ദ്രാനുമതി ലഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട എഴുപത് പിന്നോക്കജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വയനാടിന് പരിഗണന ലഭിച്ചത്. ഈ മാസം 26-ന് പദ്ധതിയുടെ ഡിജിറ്റല്‍ ലോഞ്ചിംഗ് പ്രധാന മന്ത്രി നിര്‍വഹിക്കും.

‘രാഷ്ട്രീയ ഉച്ഛതാ ശിക്ഷാ അഭിയാന്‍’ പദ്ധതിയുടെ ഭാഗമായാണ് മാതൃകാ ബിരുദ കോളെജ് അനുവദിക്കാന്‍ വയനാടിനെ പരിഗണിച്ചിരിക്കുന്നത്. രാജ്യത്തെ 70 പിന്നോക്ക ജില്ലകളുടെ പട്ടികയില്‍ വയനാട് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന റൂസയുടെ 12-ാം പദ്ധതി അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം സംസ്ഥാനത്തെ അറിയിച്ചിരിക്കുന്നത്. കോളെജിനായി നാല് മുതല്‍ പത്ത് ഏക്കര്‍ വരെ സ്ഥലം കണ്ടെത്തി നല്‍കണമെന്നായിരുന്നു കേന്ദ്ര നിബന്ധന. എന്നാല്‍ പത്തേക്കറും നല്‍കാന്‍ തയാറാണെന്ന് സംസ്ഥാനം അറിയിച്ചു. 15 കോടി രൂപയാണ് ആകെ പദ്ധതി ചിലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ നാല്‍പത് ശതമാനം കേന്ദ്രവും 60 ശതമാനം കേന്ദ്രവിഹിതവും ലഭിക്കും.

രാജ്യത്ത് ആദ്യ ആദിവാസി സൗഹൃദ കോളെജായി സ്ഥാപനത്തെ മാറ്റാനാണ് വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സര്‍ക്കാരും ലക്ഷ്യമിടുന്നത്. 50 ശതമാനം ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രവേശനം ഉറപ്പാക്കും. ആദ്യഘട്ടത്തില്‍ പിന്നോക്ക ജില്ലകളുടെ പട്ടികയില്‍ കേന്ദ്രം വയനാടിനെ പരിഗണിക്കാത്തതിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എത്രയും വേഗത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കല്‍പ്പറ്റയ്ക്കുശേഷം വയനാട്ടില്‍ എത്തുന്ന രണ്ടാമത്തെ സര്‍ക്കാര്‍ കോളെജ് കൂടിയാണ് വൈത്തിരിയിലേത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top