സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന 377-ാം വകുപ്പ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജികള്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റം ആക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377-ാം വകുപ്പ് ചോദ്യം ചെയ്തു നല്കിയ ഹര്‍ജികള്‍ എതിര്‍ക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. കോടതിക്ക് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാം. അതേസമയം ഉഭയ സമ്മതത്തോടെ പ്രായപൂര്‍ത്തിയായ സ്വവര്‍ഗ പങ്കാളികള്‍ നടത്തുന്ന ലൈംഗിക വേഴ്ച ക്രിമിനല്‍ കുറ്റമല്ലാതാകുമെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. സ്വവര്‍ഗ രതി കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.
സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന ഹര്‍ജികളെ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതെയാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ഐപിസി 377-ാം വകുപ്പ് ക്രിമിനല്‍ കുറ്റമല്ലാത്തക്കണമോയെന്ന് കോടതിക്ക് തീരുമാനിക്കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത അറിയിച്ചു. എന്നാല്‍ സ്വവര്‍ഗ പങ്കാളികള്‍ തമ്മിലുള്ള വിവാഹം, വേര്‍പിരിയല്‍, ദത്തെടുക്കല്‍ എന്നിവ പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിലപാട് അറിയിക്കാന്‍ സാവകാശം വേണം. മൃഗങ്ങളുമായി മനുഷ്യന് നടത്തുന്ന ലൈംഗിക വേഴ്ച കുറ്റകരമാണെന്ന് വ്യക്തത വരുത്തണം.

ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അധികാരമുണ്ടെന്ന ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പരാമര്‍ശത്തോട് ചില വിയോജിപ്പുകള്‍ ഉണ്ടെന്ന് കേന്ദ്രം പറഞ്ഞു. ഇതിന്റെ പേരില്‍ സ്വന്തം സഹോദരിയെ വിവാഹം കഴിക്കാന്‍ ആകില്ല. വ്യഭിചാരവും പാടില്ല. ലൈംഗിക വൈകൃതങ്ങള്‍ അല്ല കോടതിയുടെ പരിഗണനാ വിഷയമെന്നും സ്വവര്‍ഗ പങ്കാളികളെ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് ഇടപെടല്‍ എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി നല്കി. അതേസമയം കേന്ദ്ര നിലപാട് പരിഗണിച്ചാണ് സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലാതാക്കി വിധി പ്രസ്താവിക്കുമെന്ന് കോടതി സൂചിപ്പിച്ചത്. കേസില്‍ ഹര്‍ജിക്കാറുടെ വാദം തുടരുകയാണ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക