വാഹനം അനുവദിച്ചില്ല; മധ്യപ്രദേശില്‍ യുവാവ് അമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചത് ബൈക്കില്‍

ഭോപ്പാല്‍: വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ മകന്‍ പോസ്റ്റുമോര്‍ട്ടത്തിനായി അമ്മയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത് ബൈക്കില്‍. പാമ്പുകടിയേറ്റ് മരിച്ച സ്ത്രീയുടെ മൃതദേഹമാണ് മകന്‍ ബൈക്കില്‍ കെട്ടിവെച്ച് ആശുപത്രിയിലെത്തിച്ചത്.

മധ്യപ്രദേശിലെ തിക്കാംഘര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. പാമ്പുകടിയേറ്റ കുണ്‍വാര്‍ ഭായി എന്ന സ്ത്രീയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം 35 കിലോമീറ്റര്‍ അകലെയുള്ള പോസ്റ്റുമോര്‍ട്ടം സെന്ററിലേക്ക് എത്തിക്കാന്‍ മകനായ രാജേഷിനോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയില്‍ രാജേഷ് വിവരം അറിയിച്ചുവെങ്കിലും മൃതദേഹം കൊണ്ടുപോകാന്‍ വാഹനം വിട്ടുനല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ബന്ധുവിന്റെ സഹായത്തോടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് രാജേഷ് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങളും വിഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധത്തിനിടയാക്കി.

സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്ന് കളക്ടര്‍ വ്യക്തമാക്കി. അതേസമയം ആശുപത്രി അധികൃതര്‍ ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. തങ്ങള്‍ വാഹനം വിട്ടുനല്‍കിയിരുന്നുവെന്നും, പോസ്റ്റുമോര്‍ട്ടത്തിനുശേഷം തിരിച്ച് മൃതദേഹം കൊണ്ടുപോയത് ആംബുലന്‍സിലാണെന്നും
ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top