ശമ്പളം കൂട്ടിച്ചോദിച്ചു; ദലിത് ജീവനക്കാരന് 100 ചാട്ടവാറടി നല്കി പെട്രോള്‍പമ്പ് മാനേജര്‍

പ്രതീകാത്മക ചിത്രം
ഭോപ്പാല്‍: മധ്യപ്രദേശില്‍ ദലിത് യുവാവിനെ പെട്രോള്‍ പമ്പ് മാനേജര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ശമ്പളം കൂട്ടിച്ചോദിച്ചു എന്ന കുറ്റത്തിന് 100 ചാട്ടവാറടിയാണ് ദലിത് യുവാവിന് പെട്രോള്‍ പമ്പ് മാനേജര്‍ നല്‍കിയത്. അജയ് അഹിര്‍വാര്‍ എന്ന ജീവനക്കാരാനാണ് ക്രൂരമര്‍ദ്ദനം ഏറ്റത്.
ജൂണ്‍ 23 ന് ഹോഷങ്കാബാദിലാണ് സംഭവം നടന്നത്. എന്നാല്‍ സംഭവം ജൂലൈ 2 നാണ് പുറത്തുവന്നത്. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ പെട്രോള്‍ പമ്പ് മാനേജരായ ദീപക് സാഹു, അസ്റ്റിറ്റന്റ് മാനേജരായ ആകാശ് സാഹു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

3000 രൂപയായിരുന്നു നിലവില്‍ അജയുടെ ശമ്പളം. ഇത് 5000 ആക്കണം എന്നായിരുന്നു മാനേജരായ ദീപകിനോട് അജയ് ആവശ്യപ്പെട്ടത്. ഇതിന്റെ പേരില്‍ അജയിയെ ദീപക് ചീത്ത പറഞ്ഞു. ജൂണ്‍ 22 ന് അജയ് ജോലിക്ക് എത്തിയിരുന്നില്ല. പിറ്റേദിവസം ദീപക് അജയിയെ ആളെവിട്ട് വിളിപ്പിച്ചു. പെട്രോള്‍ പമ്പില്‍ എത്തിയ അജയിയെ കെട്ടിയിട്ട് ചാട്ടകൊണ്ട് നൂറുവരണ അടിക്കുകയായിരുന്നു.
പെട്രോള്‍ പമ്പുകാരെ ഭയന്ന് ആദ്യം പൊലീസില്‍ പരാതി നല്കാന് അജയ് തയ്യാറായിരുന്നില്ല. എന്നാല്‍ സംഭവത്തില്‍ വീഡിയോ പ്രചരിക്കുകയും ദലിത് സംഘടനകള്‍ അജയിക്ക് പിന്തുണ നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് അജയ് പരാതി നല്‍കിയത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക