കാര്‍ഡിഫില്‍ ഇന്ത്യ വീണു; ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് ജയം

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20 യില്‍ ഇന്ത്യയ്ക്ക് തോല്‍വി. കാര്‍ഡിഫില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. അര്‍ധ സെഞ്ച്വറി നേടിയ അലക്‌സ് ഹെയ്ല്‍സാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 148 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ട് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ്‌ലിയുടേയും, എംഎസ് ധോണിയുടേയും പ്രകടനമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വിരാട് 47 റണ്‍സും, ധോണി 32 റണ്‍സും അടിച്ചെടുത്തു. ഓപ്പണര്‍മാര്‍ക്കൊപ്പം കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറിയുമായി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ലോകേഷ് രാഹുലിനെയും പെട്ടെന്ന് നഷ്ടപ്പെട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

മറുവശത്ത് 58 റണ്‍സുമായി പുറത്താകാതെ നിന്ന ഹെയ്ല്‍സിനൊപ്പം 18 പന്തില്‍ 28 റണ്‍സെടുത്ത ജോണി ബേരിസ്റ്റോ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് രണ്ടും, ഭുവനേശ്വര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ചഹല്‍, എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമെത്തി. അവസാന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top