ഓര്‍ത്തഡോക്സ് സഭയ്ക്കെതിരായ ലൈംഗിക പീഡനാരോപണം: പത്ത് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച്

കോട്ടയം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന കേസില്‍ അന്വേഷണം പത്തുദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം, ഓര്‍ത്തഡോക്സ് വൈദികര്‍ പ്രതികളായ ബലാല്‍സംഗക്കേസില്‍ ദേശീയ വനിതാ കമ്മിഷന് നാളെ യുവതിയുടെ മൊഴിയെടുക്കും. സംസ്ഥാന പൊലീസിന്റെ കേസന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ദേശീയ വനിതാകമ്മിഷന്റെ ഇടപെടല്‍.
കേസില്‍ ഉള്‍പ്പെട്ട വൈദികര്‍ക്കായുള്ള തിരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കി. വൈദികരുടെ വീടുകളിലെത്തി അന്വേഷണസംഘം വിവരം ശേഖരിച്ചു. കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്സ് സഭയിലെ വൈദികരായ എബ്രഹാം വര്‍ഗീസ്, ജെയ്സ് കെ.ജോര്‍ജ്, ജോബ് മാത്യു, ജോണ്സണ് വി.മാത്യു എന്നിവരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. പ്രതികളായ നാലുപേരുടെയും വീടുകളിലെത്തിയ ഉദ്യോഗസ്ഥര്‍ ഓരോരുത്തരെയുംകുറിച്ച് ലഭ്യമായ പരമാവധി വിവരങ്ങള്‍ ശേഖരിച്ചു. വൈദികരെക്കുറിച്ച് അന്വേഷിച്ചെങ്കിലും എവിടെയുണ്ടെന്ന് അറിയില്ലായെന്ന മറുപടിയാണ് വീട്ടുകാര്‍ നല്‍കിയത്.

ഇതോടൊപ്പം കേസിന് ആസ്പദമായ കാലഘട്ടത്തില്‍ പ്രതികളായ വൈദികര്‍ എവിടെയെല്ലാം ജോലി ചെയ്തിട്ടുണ്ടെന്ന വിവരവും ക്രൈം ബ്രാഞ്ച് സംഘം സഭയില്‍നിന്ന് ശേഖരിച്ചിട്ടുണ്ട്. കേസിലെ തെളിവുകള്‍ കൂട്ടിയിണക്കുന്നതിന് നിലവില്‍ ലഭ്യമായ വിവരങ്ങളും രേഖകളും ഉപയുക്തമാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം. ഓര്‍ത്തഡോക്സ് വൈദികര്‍ പ്രതികളായ ബലാല്‍സംഗക്കേസില്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തും. അന്വേഷണം പത്തുദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
പ്രതികളായ നാല് വൈദികരും എവിടെയുണ്ടെന്ന കൃത്യമായ സൂചന അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നാലുപേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്ന സാഹചര്യത്തില്‍ ധൃതിപിടിച്ച് അറസ്റ്റിലേക്ക് നീങ്ങേണ്ടതില്ലായെന്ന തീരുമാനത്തിലാണ് ക്രൈം ബ്രാഞ്ച്. അതുകൊണ്ട് ലഭ്യമായ സമയത്ത് വേഗത്തില്‍ തെളിവ് ശേഖരണം പൂര്‍ത്തീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇരയായ യുവതിയെ മൊഴിയില്‍പ്പറയുന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. ഇരയായ യുവതിയും നല്ലരീതിയില്‍ സഹകരിക്കുന്നതിനാല്‍ തെളിവെടുപ്പ് രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക