ദമ്പതികളുടെ ആത്മഹത്യ: പൊലീസ് മര്‍ദിച്ചിട്ടില്ലെന്ന് പ്രാഥമിക സൂചന, സുനില്‍കുമാറിന്റെ മൃതദേഹത്തില്‍ പരുക്കില്ല

കോട്ടയം: ചങ്ങനാശ്ശേരിയില്‍ പൊലീസ് ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സുനില്‍ കുമാറിന്റെ മൃതദേഹത്തില്‍ പരുക്കില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഇടിവോ ചതവോ ഏറ്റതിന്റെ പാടുകള്‍ കണ്ടെത്തിയില്ല. ചങ്ങനാശേരി തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയത്. ദമ്പതികള്‍ മരിച്ചത് പൊലീസ് മര്‍ദനത്തെതുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ദേഹപരിശോധനയില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കാണാത്തത് പൊലീസിന് ആശ്വാസം പകരുമ്പോഴും പുതിയ ആരോപണങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ദമ്പതികളുടെ ആത്മഹത്യയില്‍ പൊലീസിനെ വീണ്ടും കുരുക്കിലാക്കി പുതിയ ആരോപണം പുറത്തുവന്നു. ദമ്പതികള്‍ക്കൊപ്പം പൊലീസ് ചോദ്യം ചെയ്ത രാജേഷിനോടും പൊലീസ് പണം ചോദിച്ചു എന്നാണ് വെളിപ്പെടുത്തല്‍. രാജേഷും എട്ടുലക്ഷം രൂപ നല്‍കണമെന്ന് പറഞ്ഞതായി രാജേഷിന്റെ അമ്മ വിജയമ്മ മാധ്യമങ്ങളോട് പറഞ്ഞു. പണമില്ലാത്തതിനാല്‍ വീടിന്റെ ആധാരവുമായി സ്റ്റേഷനില്‍ ചെന്നു. അപ്പോഴാണ് ദമ്പതികള്‍ മരിച്ച വിവരം അറിഞ്ഞതെന്ന് വിജയമ്മപറഞ്ഞു.

തങ്ങളുടെ മരണത്തിന് ഉത്തരവാദി സിപിഐഎം നഗരസഭാംഗം സജികുമാറാണെന്ന് വ്യക്തമാക്കുന്ന ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. വീടുപണിക്കായി സജികുമാര്‍ വിറ്റ സ്വര്‍ണത്തിന്റെ ഉത്തരവാദിത്വമാണ് തലയില്‍വച്ചു കെട്ടിയതെന്നും കത്തില്‍ ആരോപണമുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണത്തിന് പകരമായി എട്ട് ലക്ഷം രൂപ നല്‍കാമെന്ന് പൊലീസുകാര്‍ മര്‍ദിച്ച് എഴുതിവാങ്ങിയതായും കുറിപ്പിലുണ്ട്. സുനില്‍കുമാറിന്റെ ഭാര്യ രേഷ്മയാണ് ആത്മഹത്യാകുറിപ്പ് തയാറാക്കിയത്. ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് രേഷ്മ കുറിപ്പിലെ ആദ്യവരിയില്‍ വ്യക്തമാക്കുന്നു. മരണത്തിന് ഉത്തരവാദി സജികുമാറാണ്. 12 വര്‍ഷത്തിലേറെയായി സജികുമാറിന്റെ വീട്ടില്‍ ഭര്‍ത്താവ് സുനില്‍കുമാര്‍ ജോലി ചെയ്യുന്നുണ്ട്. 600 ഗ്രാം സ്വര്‍ണം കാണാനില്ലെന്ന് പറഞ്ഞാണ് സജികുമാര്‍ പരാതി നല്‍കിയത്. ഇതില്‍ 100 ഗ്രാം സ്വര്‍ണം പലപ്പോഴായി സുനില്‍കുമാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് രേഷ്മ കുറിപ്പില്‍ സമ്മതിക്കുന്നു.

ബാക്കിയുള്ള സ്വര്‍ണം സജികുമാര്‍ തന്നെ വീടുപണിക്കായി വിറ്റഴിച്ചു. എന്നാല്‍ മുഴുവന്‍ ഉത്തരവാദിത്വവും തങ്ങളുടെ തലയില്‍ കെട്ടിവെച്ച് പൊലീസില്‍ പരാതി നല്‍കിയെന്നാണ് കുറിപ്പിലെ ആരോപണം.എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നല്‍കാമെന്ന് പൊലീസ് മര്‍ദിച്ച് സമ്മതിപ്പിച്ച് എഴുതി വയ്പ്പിച്ചു. താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതു കൊണ്ട് ഞങ്ങള്‍ മരിക്കുന്നു. ഞങ്ങള്‍ മരിക്കാന്‍ തീരുമാനിച്ചു. എന്നിങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പ് എഴുതിവച്ച വിവരം ബന്ധുവിനെ വിളിച്ചറിയിച്ച ശേഷമാണ് ഇരുവരും വിഷം കഴിച്ചത്.

ഇതിനിടെ ചങ്ങനാശ്ശേരിയില്‍ ദമ്പതികളുടെ മരണത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഐഎം നഗരസഭാംഗം സജികുമാര്‍ രംഗത്തെത്തി. മോഷണത്തെക്കുറിച്ച് രണ്ടാഴ്ച മുന്‍പ് ഊമക്കത്ത് കിട്ടിയിരുന്നു. സുനില്‍കുമാര്‍ സ്വര്‍ണം മറിച്ചുവില്‍ക്കുന്നതായി കത്തിലുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 400 ഗ്രാം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. ചൊവ്വാഴ്ച പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുക്കേണ്ടെന്ന് പൊലീസിന് താന്‍ എഴുതി നല്‍കി. സ്വര്‍ണം തിരിച്ചുകിട്ടുമെന്നായപ്പോള്‍ അങ്ങനെ ചെയ്തത് സുനിയെ സഹായിക്കാനാണ്. അത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടെന്നും സജി കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദമ്പതികളെ ചോദ്യംചെയ്ത ചങ്ങനാശേരി എസ്‌ഐയെ സ്ഥലം മാറ്റി. എസ്‌ഐ സമീര്‍ഖാനെയാണ് സ്ഥലംമാറ്റിയത്. ദമ്പതികളുടെ മരണത്തില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി താലൂക്കില്‍ യുഡിഎഫും ബിജെപിയും ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top