സിപിഐഎം നേതാവിന് വേണ്ടി പൊലീസ് വിടുപണി ചെയ്തതിന്റെ ഫലമാണ് ചങ്ങനാശേരിയിലെ ദമ്പതികളുടെ ദാരുണ മരണമെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

കൊച്ചി: സിപിഐഎം നേതാവിന് വേണ്ടി പൊലീസ് വിടുപണി ചെയ്തതിന്റെ ഫലമാണ് ചങ്ങനാശേരിയിലെ ദമ്പതികളുടെ ദാരുണ മരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം ചങ്ങനാശേരി നഗരസഭാ അംഗത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ദമ്പതികളായ സുനി കുമാറും, രേഷ്മയെയും പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി. വരാപ്പുഴയില്‍ ശ്രീജിത്തിനെ ആളുമാറി പിടിച്ച ശേഷം പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ സംഭവത്തിന്റെ ചൂടാറും മുമ്പെയാണ് മറ്റൊരു കൊടും ക്രൂരതക്ക് പൊലീസ് കൂട്ടുനിന്നത്. തൃശൂരിലെ വിനായകന്‍ എന്ന ദലിത് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അയാള്‍ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയുണ്ടായി. ഇതിന് സമാനമായ സംഭവമാണ് ചങ്ങനാശേരിയിലും അരങ്ങേറിയത്. പരാതിക്കാരനായ സിപിഐഎം കൗണ്‍സിലറുടെ സാന്നിധ്യത്തിലാണ് കസ്റ്റഡിയിലെടുത്ത സുനികുമാറിനെ ചോദ്യം ചെയ്തതും, ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കിയതും, ചെന്നിത്തല പറഞ്ഞു.

പൊലീസിനെ അടിമുടി രാഷ്ട്രീയ വല്‍ക്കരിച്ചിരിക്കുകയാണെന്നും, മുഖ്യമന്ത്രിക്ക് പോലും പൊലീസില്‍ നിയന്ത്രണമില്ലന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കൂടിയാണിതെന്നും പറഞ്ഞ ചെന്നിത്തല സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുന്നുവെന്നും ആരോപിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top