ദിലീപ് വിഷയത്തില്‍ എപ്പോള്‍ ചര്‍ച്ച നടത്താനാവുമെന്ന് അമ്മ അറിയിക്കണമെന്ന് ഡബ്ല്യുസിസി

ദിലീപ് വിഷയത്തില്‍ എപ്പോള്‍ ചര്‍ച്ച നടത്താനാവുമെന്ന് അമ്മ അറിയിക്കണമെന്ന് ഡബ്ല്യുസിസി. ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ഇന്നലെ നല്‍കിയ അമ്മയുടെ കുറിപ്പിലില്ല. ഈ വിഷയം അടിയന്തിരമായി പരിഗണിച്ച് ചര്‍ച്ചയ്ക്കുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കുവാനുള്ള അമ്മ നടപടിയില്‍ പ്രതിഷേധിച്ച് രാജി വച്ചവര്‍ക്കും അടിയന്തിരയോഗം കൂടി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടവര്‍ക്കും ജനാധിപത്യ കേരളം നല്കി വരുന്ന എല്ലാ വിധ പിന്തുണകള്‍ക്കും ഡബ്ല്യുസിസി നന്ദി പറഞ്ഞു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഡബ്ല്യുസിസി പ്രതികരണം രേഖപ്പെടുത്തിയത്.

സിനിമാ മേഖലയിലെ ചില സംഘടനകള്‍ തമ്മിലുള്ള പോര് എന്ന പതിവ് കേള്‍വിക്കപ്പുറത്തേക്ക് സിനിമയുടെ അകങ്ങളേയും പുറങ്ങളേയും ജനാധിപത്യ വല്ക്കരിക്കാനും സ്ത്രീ സൗഹാര്‍ദ്ദ ഇടങ്ങളാക്കി ഇവിടങ്ങളെ പരിവര്‍ത്തിപ്പിക്കാനും നടക്കുന്ന ശ്രമങ്ങളായി ഈ സംഭവങ്ങളെ കാണാനും മനസ്സിലാക്കാനും കഴിഞ്ഞ പതിനായിരകണക്കിന് പേരാണ് ഇന്ന് ഡബ്ല്യുസിസി ക്ക് കരുത്തു പകരുന്നത്. സിനിമയും രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് വിശ്വസിക്കുന്ന സാമൂഹ്യബോധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഇനി എന്ത് എന്ന് ആലോചിച്ചു തുടങ്ങിയിരിക്കുന്നു.

ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ നല്കിയ കത്തിന് എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി മറുപടി നല്കിയ വിവരം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. വിഷയം ചര്‍ച്ച ചെയ്യാമെന്നല്ലാതെ, എപ്പോള്‍ ചര്‍ച്ച ചെയ്യുമെന്നോ, ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നോ വ്യക്തമാക്കാതെയാണ് പ്രസ്തുത സംഘടന കത്ത് നല്കിയിരിക്കുന്നത്. ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചര്‍ച്ചയ്ക്കുള്ള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏറ്റവും ശക്തമായ സിനിമ എന്ന മാധ്യമത്തില്‍ ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ടും അതിക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകക്കൊപ്പം നില്ക്കാനുള്ള ആത്മശക്തി ഉണ്ടാകാതെ പോയ എല്ലാവര്‍ക്കും ഇനിയെങ്കിലും അതിനു കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു കൊണ്ട്, എല്ലാവിധ പിന്തുണക്കും ഒപ്പം നില്‍ക്കലിനും നന്ദി പറയുന്നുവെന്നും ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top