നിപ വൈറസിന് കാരണം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം; പരിശോധനാ ഫലം പുറത്തുവന്നു

ഫയല്‍ ചിത്രം

ദില്ലി: കോഴിക്കോട് ജില്ലയില്‍ 17 പേരുടെ മരണത്തിനിടയാക്കിയ  നിപ വൈറസ് ബാധയ്ക്ക് കാരണം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട പരിശോധനാഫലത്തിലാണ് വൈറസ് ബാധയ്ക്ക് കാരണം പഴംതീനി വവ്വാലുകളാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

നിപ വൈറസിന്റെ ഉറവിടം പഴംതിനി വവ്വാലുകളാണെന്ന് സ്ഥിരീകരിക്കാനുള്ള ശക്തമായ തെളിവുകള്‍ പരിശോധനയില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ ഒരു ദേശിയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നിപ ആദ്യം ബാധിച്ച പേരാമ്പ്രയിലെ ചങ്ങരോത്ത് നിന്നും പിടിച്ച കീടങ്ങളെയും പുഴുക്കളെയും തിന്നുന്ന വവ്വാലുകളില്‍ നടത്തിയ പരിശോധയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. ശേഷമാണ് പഴംതീനികള്‍ ഉള്‍പ്പെടെ 55 വവ്വാലുകളെ വീണ്ടും പിടികൂടി പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് പഴംതീനി വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയില്‍ കാണപ്പെടുന്ന മൂന്നിനം പഴം തീനി വവ്വാലുകളിലാണ് നിപ സാന്നിധ്യമുള്ളത്. വവ്വാലുകളുടെ ശരീര സ്രവങ്ങിളിലൂടെയാണ് വൈറസ് മനുഷ്യനിലേക്ക് എത്തിയത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിപ വൈറസ് ബാധിച്ച് 17 പേരാണ് മരിച്ചത്. എന്നാല്‍ ജൂണ്‍ ഒന്നിനു ശേഷം പുതിയ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ജൂലൈ ഒന്നിന് ആരോഗ്യമന്ത്രി കെകെ ശൈലജ കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ മുക്ത ജില്ലയായി പ്രഖ്യാപിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top