അമ്മയുടെ കൈനീട്ടത്തെ പരിഹസിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കമല്‍

തൃശൂര്‍: താരസംഘടനയായ അമ്മയിലെ കൈനീട്ടത്തെ പരിഹസിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. തന്റെ പ്രസ്താവന തെറ്റിദ്ധരിച്ചെന്നും മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമം ഉണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും കമല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രതികരിച്ചത് അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലല്ല. സംവിധായകന്‍ എന്ന നിലയിലാണ്. അമ്മ കൈനീട്ടം നല്‍കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തെറ്റിദ്ധരിച്ചു. പ്രസ്താവന മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമം ഉണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. കമല്‍ പറഞ്ഞു.

അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണ നല്‍കുന്നു. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ കുറിച്ച് പ്രതികരിക്കുന്നില്ല. സംവിധായകന്‍ ആഷിഖ് അബുവും ഫെഫ്കയുമായുള്ള പ്രശ്‌നത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. കമല്‍ പറഞ്ഞു.

കമലിന്റെ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന താരങ്ങളായ മധു, ജനനാര്‍ദ്ദനന്‍, കെപിഎസി ലളിത, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ കമലിന്റെ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തി സാസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കമല്‍ ഖേദപ്രകടനം നടത്തിയത്.

മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീ വിരുദ്ധമാണെന്നും മഹാന്‍മാരെന്ന് കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ താരസംഘടനയ്‌ക്കെതിരെയും കമല്‍ ആഞ്ഞടിച്ചിരുന്നു. 500 ലേറെ അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരെ സജീവമായി അഭിനയരംഗത്തുള്ളൂവെന്നും അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നും ആയിരുന്നു പ്രസ്താവന. അതിനാല്‍ അതില്‍ ഒരിക്കലും അതില്‍ ജനാധിപത്യം ഉണ്ടാകില്ലെന്നും അത് പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളാണെന്നും കമല്‍ അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top