കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി

പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍: കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് വീണ്ടും പിടികൂടി. കടങ്ങോട് പള്ളിമേപ്പുറം പുതുവീട്ടില്‍ ഹുസൈനെന്ന് വിളിക്കുന്ന ഹാഷിമാണ് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ഇയാള്‍ പിടിയിലായത്.

ഗര്‍ഭിണിയായ ഭാര്യ ജാസ്മിന്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭര്‍ത്താവായ ഹാഷിമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് മാസം മുമ്പ് വിവാഹിതയായ ജാസ്മിയെ ഹാഷിം നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്ത് കഴിഞ്ഞ 21 നാണ് ഭര്‍തൃ ഗൃഹത്തിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം നാള്‍ മുതല്‍ തന്നെ ഹാഷിം ജാസ്മിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നുള്ള ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിന്‍ വെള്ളിയാഴ്ചയാണ് കുന്നംകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ പി വിശ്വംഭരന്റ നേതൃത്വത്തില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മേല്‍നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി എരുമപ്പെട്ടി സ്റ്റേഷനില്‍ എത്തിച്ച പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് 2 മണിയോടെയാണ് സംഭവം നടന്നത്. എസ്‌ഐ അടക്കമുള്ള ഉദ്യോഗസ്ഥര്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പുറത്തായിരുന്നതിനാല്‍ രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരും റൈറ്ററും മാത്രമാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്.

ലോക്കപ്പിലായിരുന്ന പ്രതി ടോയ്‌ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെടുകയും പുറത്തിറക്കിയ തക്കത്തില്‍ വനിത പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് എസ്‌ഐ സുബിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഇന്ന് പുലര്‍ച്ചെ 1 മണിയോടെ നെല്ലുവായ് ധന്വന്തരി ക്ഷേത്ര പരിസരത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനും വനിത പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top