അമ്മ സ്ത്രീ വിരുദ്ധ നിലപാടുകള്‍ അലങ്കാരമായി കാണുന്നു, നടിക്കൊപ്പം നിന്ന് അമ്മയ്‌ക്കെതിര തുറന്ന കത്തുമായി 96 സിനിമാ പ്രവര്‍ത്തകര്‍

ദിലീഷ് പോത്തന്‍, വിനായകന്‍, രേവതി

ആക്രമണത്തെ അതിജീവിച്ച നടിയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചും താരസംഘടനയായ അമ്മയുടെ നിലപാടുകളെ വിമര്‍ശിച്ചും സിനിമാ മേഖലയിലെ 96 അംഗങ്ങളുടെ തുറന്ന കത്ത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നടനെ പുറത്താക്കിയത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നും നടനെ തിരിച്ചെടുത്തതിലൂടെ അതാണ് വ്യക്തമാകുന്നതെന്നും കത്തില്‍ പറയുന്നു.

സംവിധായകരായ ദിലീഷ് പോത്തന്‍, അമല്‍ നീരദ്, വിധു വിന്‍സെന്റ്, നടന്‍ വിനായകന്‍, നടിമാരായ പാര്‍വതി, പത്മപ്രിയ, രേവതി തുടങ്ങി 96 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

കത്തിന്റെ പൂര്‍ണരൂപം

അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. നിയമപരവും സാമൂഹ്യപരവും തൊഴില്‍ പരവുമായ അവളുടെ പോരാട്ടത്തിനും അഭിവാദ്യങ്ങള്‍.

ഞങ്ങളുടെ സുഹൃത്ത് ഇരയല്ല, ശാരീരികവും ലൈംഗികവും മാനസികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകമായ ധീര യുവതിയാണ്. അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടരുന്നില്ല. പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്വം പൊലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിനു മുന്നില്‍ നില്‍ക്കക്കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്. ഇത് വെറും ഒരു മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു. ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ, അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമായി രേഖപ്പെടുത്തി രാജിവച്ച് പുറത്തുവന്ന സുഹൃത്തുക്കള്‍ക്കും ഈ പുരുഷഫ്യൂഡല്‍ ലോകത്തിന്റെ പൊതു നിലപാടുകള്‍ക്കെതിരെ സ്ത്രീ കൂട്ടായ്മ രൂപവത്കരിച്ച് പോരാടുന്ന മറ്റ് സ്ത്രീ സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ ഹാര്‍ദ്ദവാഭിവാദ്യങ്ങള്‍.

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിന് തുല്യമാണ്. മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണക്കുന്നില്ലെങ്കില്‍ സംഘടനാ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തെരഞ്ഞെടുത്ത കേരളസമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്വവും സാമാന്യമായ ജനാധിപത്യമര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

നിക്ഷിപ്ത താത്പര്യങ്ങള്‍ക്കും ജാതി-മത-ലിംഗ വേര്‍തിരിവുകള്‍ക്കും അതീതമായി ഏവര്‍ക്കും സര്‍ഗ്ഗാത്മകമായി ചലച്ചിത്രപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് സര്‍ക്കാരിനോടും ചലച്ചിത്ര സംഘടനകളോടും ഞങ്ങള്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top