ഉഭയകക്ഷി ചര്‍ച്ചയില്‍നിന്ന് പിന്മാറിയ അമേരിക്കയുടെ നടപടി; നിര്‍മല സീതാരാമനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു

നിര്‍മല സീതാരാമന്‍

ദില്ലി: ഇന്ത്യയുമായി നടത്താനിരുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്മാറിയ സാഹചര്യത്തില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു. വാഷിംഗ്ടണില്‍ ജൂലൈ ആദ്യവാരം എത്തിച്ചേരാണ് നിര്‍മല സീതാരാമന് ക്ഷണം ലഭിച്ചത്.

ഉഭയകക്ഷി ചര്‍ച്ചയ്ക്കു ശേഷം അതിലെ പ്രധാന അജണ്ടകള്‍ അമേരിക്കയുടെ പ്രതിരോധ വകുപ്പ് സെക്രട്ടറി ജയിംസ് മാറ്റിസുമായി ജൂലൈ ആറാം തിയതി നിര്‍മല സീതാരാമന്‍ ചര്‍ച്ച ചെയ്യും എന്നായിരുന്നു തീരുമാനിച്ചിരുന്നത്. പ്രതിരോധ വിഷയങ്ങളാണ് ചര്‍ച്ചയുടെ പ്രധാന അജണ്ട. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്മാറിയതോടെ കൂടിക്കാഴ്ചയ്ക്ക് പ്രസക്തി ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യ ക്ഷണം നിരസിച്ചത്.

ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് ആര്‍ പോംപിയോ ഉഭയകക്ഷി ചര്‍ച്ചയില്‍ നിന്നും തല്‍ക്കാലം പിന്മാറുന്നതായി അറിയിച്ചത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ചര്‍ച്ചയില്‍ പങ്കെടുക്കാനായി അമേരിക്കയില്‍ പോകാനിരിക്കെയാണ് ചര്‍ച്ചയില്‍ നിന്നും തല്‍ക്കാലം പിന്മാറുന്നതായി അമേരിക്ക അറിയിച്ചത്.

ഇതിനുപുറമെ ഇറാനില്‍ നിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ താക്കീതും നല്‍കിയിരുന്നു. നവംബര്‍ നാലിനകം ഇടപാട് പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നായിരുന്നു യുഎസിന്റെ മുന്നറിയിപ്പ് . ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം കൂടുതല്‍ ശക്തമാക്കാനാണ് പുതിയ നീക്കം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top