‘മുന്‍ കളിക്കാര്‍ ഗാലറിയില്‍ മാന്യതയോടെ പെരുമാറണം’; മറഡോണയ്ക്ക് ഫിഫയുടെ താക്കീത്

ഡീഗോ മറഡോണ

ലോകകപ്പിലെ അര്‍ജന്റീന-നൈജീരിയ മത്സരത്തില്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ പെരുമാറ്റം വാര്‍ത്തകളില്‍ ഇടംനേടിയതിന് പിന്നാലെ താരത്തോട് ഗാലറിയില്‍ മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ട് ഫിഫ രംഗത്തെത്തി.

‘ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് ഡീഗോ മറഡോണ. ഈ ലോകകപ്പില്‍ ഞങ്ങളോടൊപ്പം അദ്ദേഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ട്. എന്നാല്‍ കഴിഞ്ഞ അര്‍ജന്റീന-നൈജീരിയ മത്സരത്തില്‍ അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ ഫിഫയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എല്ലാ താരങ്ങളും, മുന്‍ കളിക്കാരും, സ്റ്റാഫുകളും, ആരാധകരും, മാന്യതയോടെയും എതിരാളികളോട് ബഹുമാനവും പുലര്‍ത്തിക്കൊണ്ട് മാത്രമേ ഗാലറിയില്‍ പെരുമാറാവൂ,’ ഫിഫയുടെ ചീഫ് കോംപിറ്റീഷന്‍സ് ആന്‍ഡ് ഇവന്റ്‌സ് ഓഫീസര്‍ കോളിന്‍ സ്മിത്ത് വെള്ളിയാഴ്ച വ്യക്തമാക്കി.

നേരത്തെ നിര്‍ണായകമായ മത്സരത്തില്‍ നൈജീരിയയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍ കടന്ന അര്‍ജന്റീനയുടെ വിജയഗോളിന് പിന്നാലെ മറഡോണയുടെ ആഹ്ലാദ പ്രകടനം വിവാദത്തിന് വഴിവെച്ചിരുന്നു. കളിയില്‍ അര്‍ജന്റീനയുടെ വിജയമൊരുക്കിയ മാര്‍ക്കസ് റോഹോയുടെ ഗോളിനെ തുടര്‍ന്ന് മറഡോണ ഗാലറിയില്‍ എഴുന്നേറ്റ് നിന്ന് അശ്ലീല ആംഗ്യം കാട്ടിയതാണ് വിവാദമായത്.

ടെലിവിഷനിലൂടെ ഈ ദൃശ്യം പുറത്തുവന്നതോടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഏറെ വിമര്‍ശനങ്ങളാണ് അര്‍ജന്റനീയുടെ എക്കാലത്തേയും ഫുട്ബോള്‍ ദൈവത്തിനെതിരേയുണ്ടായത്. മറഡോണയെപ്പോലൊരാളില്‍ നിന്ന് ഇത്തരത്തിലൊരു പ്രവര്‍ത്തിയുണ്ടാകരുതായിരുന്നുവെന്ന് പലരും പ്രതികരിച്ചു.

ടീമിന്റെ ആദ്യമത്സരം മുതല്‍ തന്റെ പിന്‍ഗാമികള്‍ക്ക് പ്രചോദനമായി ഗാലറിയില്‍ സജീവമായിരുന്ന മറഡോണ, നൈജീരിയ്‌ക്കെതിരായ മത്സരത്തില്‍ ടീമിന്റെ ഓരോ മുന്നേറ്റവും ഏറെ ആവശത്തോടെയാണ് ഏതിരേറ്റത്. കളിയുടെ പതിനാലാം മിറ്റില്‍ നായകന്‍ ലയണല്‍ മെസി ഈ ലോകകപ്പിലെ തന്റെ ആദ്യഗോളും ടൂര്‍ണമെന്റിലെ നൂറാം ഗോളും നേടിയപ്പോള്‍ അര്‍ജന്റീനയുടെ മുന്‍ നായകന്‍ ഗാലറിയില്‍ തുള്ളിച്ചാടുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top