സംസ്ഥാന പുരസ്കാരദാന ചടങ്ങില്‍ നിന്നും മുകേഷിനെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്ക് സംവിധായകന് ദീപേഷിന്റെ കത്ത്

ദിപേഷ്, മുകേഷ്
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ സംസ്ഥാന പുരസ്കാര ദാന ചടങ്ങില്‍ നിന്ന് മുകേഷിനെ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് പുരസ്കാര ജേതാവും സംവിധായകനുമായ ടി ദീപേഷ് രംഗത്ത്. കൊല്ലത്ത് വെച്ച് നടക്കുന്ന പുരസ്കാര ദാന ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാനായ മുകേഷിനെ മാറ്റി നിര്‍ത്തി ഇടതുപക്ഷത്തിന്റെ നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്ന് സാംസ്കാരിക മന്ത്രിക്കയച്ച കത്തില്‍ ദീപേഷ് വ്യക്തമാക്കുന്നു.
തികച്ചും ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച ‘അമ്മ’ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷിന്റെ സ്വാഗതത്തില്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നല്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സംസ്ഥാന സര്‍ക്കാരും ഇതുവരെ മുന്നോട്ട് വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാകുമെന്നും, ഇതിലൂടെ പൊതുസമൂഹത്തിന് മുന്പില് തെറ്റായ സന്ദേശമായിരിക്കും എത്തുകയെന്നും ദീപേഷ് ചൂണ്ടിക്കാട്ടുന്നു. പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ഒരാള്‍ എന്ന നിലയില്‍ ഇത് വളരെ അധികം മാനസിക പ്രയാസം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കത്തിന്റെ പൂര്‍ണ്ണരൂപം-
പ്രിയപ്പെട്ട സാംസ്കാരിക മന്ത്രിക്ക്
സാര്‍,
2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം കൈമാറുന്നതിനെ സംബന്ധിച്ച് ഈ വര്‍ഷം കൊല്ലത്ത് വച്ചാണ് അവാര്‍ഡ് കൈമാറുന്നത് എന്നും ശ്രീ മുകേഷാണ് സ്വാഗത സംഘം ചെയര്‍മാനെന്നും അറിയാന്‍ കഴിഞ്ഞു. തികച്ചും ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ശ്രീ മുകേഷിന്റെ സ്വഗതത്തില്‍ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നല്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം ഇതുവരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സംസ്ഥാന സര്‍ക്കാരും മുന്നോട്ട് വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാവും. മാത്രമല്ല പൊതുസമൂഹത്തിന് മുന്പില് തെറ്റായ സന്ദേശമായിരിക്കും എത്തുക.
ഈ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ഒരാള്‍ എന്ന നിലയില്‍ വളരെ അധികം മാനസിക പ്രയാസവും ഉണ്ട്. മാത്രമല്ല കഴിഞ്ഞവര്‍ഷം തലശ്ശേരിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അവള്‍ക്കൊപ്പം എന്ന പരിപാടിയാണ് എറ്റവും പ്രധാന വിഷയമായി എടുത്തത്. അദേഹത്തെ മാറ്റി നിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തി പിടിക്കണമെന്ന് അപേക്ഷിക്കുന്നു.
ഒപ്പ്
ദിപേഷ് ടി
സംവിധായകന്
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക