അമ്മയില്‍ അവാര്‍ഡ് ജേതാക്കളോട് വിവേചനം, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേത്രി യോഗത്തില്‍ പൊട്ടിക്കരഞ്ഞു

സംഘടനയിലെ വനിതാ താരങ്ങളോടുള്ള അമ്മയുടെ സമീപനം വ്യക്തമാക്കുന്നതായിരുന്നു മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റ യോഗത്തിലെ സംഭവം. സംസ്ഥാന അവാര്‍ഡ് വാങ്ങിയവരെ ആദരിക്കുന്ന പതിവ് അമ്മയിലുണ്ട്. യോഗത്തില്‍ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ചു. എന്നാല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേത്രിയായ നിഷ സാംരഗിനെ അമ്മ അവഗണിച്ചു.

മികച്ച ഹാസ്യ അഭിനേത്രിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശമാണ് നിഷയ്ക്ക് ലഭിച്ചത്. ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ച യോഗം നിഷയെ മറന്നു. തനിക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് നിഷ യോഗത്തില്‍ എഴുന്നേറ്റ് നിന്ന് പറയുകയായിരുന്നു. എന്നാല്‍ ക്ഷുഭിതനായ പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നിങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയ വിവരം തങ്ങള്‍ക്ക് അറിയില്ലെന്നും ഇതൊക്കെ മുന്‍കൂട്ടി അറിയിക്കണമെന്നും ആക്രോശിച്ചു. തുടര്‍ന്ന് പൊട്ടിക്കരഞ്ഞ നിഷയെ പലരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് നടി കവിയൂര്‍ പൊന്നമ്മയുടെ സ്‌നേഹപൂര്‍ണമായ ഇടപെടലിലാണ് നിഷ കരച്ചില്‍ അടക്കിയത്.

പുതിയ അംഗം ബാബുരാജ് ഇടവേള ബാബുവിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സംഭവം മോശമായിപ്പോയെന്നും ഇത്തരം നടപടി ഈ സംഘടനയില്‍ മേലില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു. എന്നാല്‍ മുതിര്‍ന്ന പല ആളുകളും മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ ഇടവേള ബാബു മാപ്പ് പറയാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് നടിക്ക് സംഘടനയുടെ ആദരവ് നല്‍കി രംഗം ശാന്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top