മൂന്നാം ഘട്ടമത്സരങ്ങള്‍ക്ക് തുടക്കമാകുന്നു, ഗ്രൂപ്പ് ചാമ്പ്യന്‍മാരെ ഇന്നുമുതല്‍ അറിയാം

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ മൂന്നാം ഘട്ടമത്സങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ടീമുകള്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്കാണ് ഇറങ്ങുന്നത്. അടുത്ത റൗണ്ടിലേക്കുള്ള അവശേഷിക്കുന്ന പ്രതീക്ഷകള്‍ പൂവണിയിക്കാനുള്ള അന്തിമാവസരം. ഇന്ന് മുതലുള്ള മത്സരങ്ങള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരെയും നിശ്ചയിക്കും.

ഇന്ന് നാല് മത്സരങ്ങളാണ് അരങ്ങേറുന്നത്. രാത്രി ഏഴരയ്ക്ക് നടക്കുന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ഉറുഗ്വെ റഷ്യയെയും സൗദി അറേബ്യ ഈജിപ്തിനെയും നേരിടും. രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് ബിയില്‍ സ്‌പെയിന്‍ മൊറോക്കൊയേയും പോര്‍ച്ചുഗല്‍ ഇറാനെയും നേരിടും.

ഗ്രൂപ്പ് എയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച റഷ്യയ്ക്കും ഉറുഗ്വെയ്ക്കും ആറ് പോയിന്റാണുള്ളത്. എന്നാല്‍ മികച്ച ഗോള്‍ ശരാശരിയില്‍ റഷ്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഈ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ റഷ്യയ്ക്ക് മത്സരം തോല്‍ക്കാതെ കാക്കണം. റഷ്യ തോറ്റാല്‍ ഒന്‍പത് പോയിന്റുമായി ഉറുഗ്വെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ റഷ്യ ഗ്രൂപ്പില്‍ മുന്നിലെത്തും.

ഗ്രൂപ്പ് ബിയില്‍ രണ്ട് കളികളില്‍ നാല് പോയിന്റുമായി പോര്‍ച്ചുഗലും സ്‌പെയിനും ഒപ്പത്തിനൊപ്പമാണ്. നിലവില്‍ സ്‌പെയിനാണ് പട്ടികയില്‍ മുന്നില്‍. ഇന്ന് ഇരുവരും വിജയം നേടിയാല്‍ പോയിന്റ് തുല്യമായിത്തന്നെ തുടരും. അങ്ങനെ വരുമ്പോള്‍ ഗോള്‍ശരാശരി ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിശ്ചയിക്കും. സ്‌പെയിന് മൊറോക്കൊയാണ് എതിരാളി. രണ്ട് കളികളും തോറ്റ മൊറോക്കൊ പുറത്തായിക്കഴിഞ്ഞു. എന്നാല്‍ പോര്‍ച്ചുഗലിനെ നേരിടുന്ന ഇറാന് പ്രതീക്ഷയുണ്ട്. ഇന്ന് അട്ടിമറി വിജയം നേടാനായാല്‍ ഇറാന് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാം. ആദ്യ കളില്‍ മൊറോക്കയെ തോല്‍പ്പിച്ച ഇറാന് നിലവില്‍ മൂന്ന് പോയിന്റുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top