ഇഞ്ചുറിയില്‍ സ്വീഡന് നോവ്, ജര്‍മനിക്ക് ജീവന്‍


സോച്ചി: ഇന്‍ജുറി ടൈമിലെ അവസാന നിമിഷത്തില്‍ ക്രൂസിന്റെ ക്രൂയിസ് മിസൈല്‍ ജര്‍മനിക്ക് നല്‍കിയത് ജീവന്‍ തന്നെയായിരുന്നു. സമനിലയുമായി ലോകകപ്പിന് പുറത്തേക്കുള്ള വാതില്‍ മുന്നില്‍ ഏതാണ്ട് തുറന്ന് നില്‍ക്കവെയാണ് ക്രൂസ് ടീമിന്റെ രക്ഷകനായത്. ഇഞ്ചുറി സമയത്തിന്റെ അവസാന മിനിട്ടില്‍ കിട്ടിയ ഫ്രീകിക്കിലൂടെയാണ് ക്രൂസ് വിജയഗോള്‍ കുറിച്ചത്. സമനിലയുമായി കളം വിട്ടിരുന്നെങ്കില്‍ നിലവിലെ ചാമ്പ്യന്‍മാരുടെ ഈ ലോകകപ്പിലെ മുന്നോട്ടുള്ള പോക്ക് സംശയത്തിന്റെ നിഴലിലാക്കിയേനെ.

മുപ്പത്തിരണ്ടാം മിനിട്ടില്‍ ഒല ടൊയോനെന്‍ സ്വീഡനെ മുന്നിലെത്തിച്ചു. ക്ലാസനും ടൊയോനെനും നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. വലതുവിങ്ങിലൂടെ മുന്നേറിയ ക്ലാസന്‍ ബോക്‌സില്‍ വച്ച് പന്ത് ടൊയോനന് മറിച്ച് നല്‍കി. മുന്നിലേക്കിറങ്ങിയ ജര്‍മന്‍ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് ലോബ് ചെയ്ത് ടൊയോനന്‍ അത് വലയിലാക്കി. സ്വീഡന്റെ ഒറ്റഗോള്‍ ലീഡോടെയാണ് ആദ്യ പകുതി അവസാനിച്ചത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ തിരിച്ചടിച്ച് ജര്‍മനി ഒപ്പമെത്തി. നാല്‍പ്പത്തിയെട്ടാം മിനിട്ടില്‍ മാര്‍ക്കൊ റിയൂസിന്റെ വകയായിരുന്നു സമനില ഗോള്‍. പിന്നീട് ആര്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. 90 മിനിട്ട് അവസാനിച്ചപ്പോള്‍ സ്‌കോര്‍ 1-1.


എന്നാല്‍ അധികമായി ലഭിച്ച അഞ്ച് മിനിട്ട് ജര്‍മനിയുടെയും സ്വീഡന്റെയും വിധിയെഴുതി. തൊണ്ണൂറ്റിയഞ്ചാം മിനിട്ടില്‍ മനോഹരമായ ഒരു ഫ്രീകിക്കിലൂടെ ടോണി ക്രൂയിസ് സ്വീഡന്‍ വല ചലിപ്പിച്ചു. ബോക്‌സിന്റെ ഇടതുവശത്തിന് തൊട്ട് പുറത്തുനിന്ന് എടുത്ത കിക്ക് ക്രൂയിസ് പോസ്റ്റിന്റെ ഇടത്തെ മൂലയിലൂടെ അകത്തെത്തിച്ചു. ഗോളിക്ക് കാഴ്ചക്കാരനായി നില്‍ക്കാനെ സാധിച്ചുള്ളൂ.

ജര്‍മനിയുടെ എല്ലാ പ്രതീക്ഷകളും പേറിയയായിരുന്നു ക്രൂയിസിന്റെ ആ ഷോട്ട് പറന്നുയര്‍ന്നത്. പ്രതീക്ഷയും ലക്ഷ്യവും തെറ്റാതെ അത് വലയ്ക്കുള്ളില്‍ തന്നെ വിലയം പ്രാപിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top