അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് വീട് വിട്ട യുവാവിന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി

ഡിനു അലക്‌സ്‌

കോട്ടയം: അയർക്കുന്നതു നിന്നും കാണാതായ അർജന്റീന ആരാധകൻ ഡിനുവിന്റെ മൃതദേഹം മീനച്ചിലാറ്റിൽ കോട്ടയം ഇല്ലിക്കൽ പാലത്തിനു സമീപത്തു നിന്നും കണ്ടെത്തി. ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരത്തിൽ ക്രൊയേഷ്യയോട് ഇഷ്ടടീം ദയനീയമായി തോറ്റതിനെ തുടർന്നാണ് അർജന്റീന ആരാധകനായ അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ ചാണ്ടിയുടെ മകൻ ഡിനുവിനെ കാണാതായത്.

അർജന്റീന പരാജയപ്പെട്ട വിഷമത്തിൽ വീട്ടിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം ഡിനു വീടുവിട്ട് പോവുകയായിരുന്നു ഡിനു . കഴിഞ്ഞ വ്യാഴാഴ്ച രാത്രി നടന്ന പ്രാഥമിക റൗണ്ട് മത്സരത്തിനിടെയായിരുന്നു സംഭവം. ഈ മത്സരത്തിൽ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടിരുന്നു. പുലർച്ചെ ഒന്നര വരെ സ്വന്തം വീട്ടിലിരുന്ന് ഡിനു മൽസരം കണ്ടതായി വീട്ടുകാർ പറഞ്ഞു. രാവിലെ പിതാവ് ചാണ്ടി മുറിയിലെത്തി നോക്കിയപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നതായി കുറുപ്പിൽ പറയുന്നു. തുടർന്നു വീട്ടുകാർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് നായ എത്തി നടത്തിയ തിരച്ചിലിലാണ് ഡിനു ആറ്റിൽ ചാടിയെന്ന സംശയം ഉടലെടുത്തത്.

തിരച്ചിലിനായി എത്തിയ പൊലീസ് നായ മണം പിടിച്ച ശേഷം നേരെ എത്തി നിന്നത് ഇയാളുടെ വീടിനു അടുത്തുള്ള മീനച്ചിലാറിന്റെ കടവിലായിരുന്നു. ഇതേ തുടർന്നു പൊലീസും അഗ്നിശമന സേനാ അധികൃതരും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

കോട്ടയം ഇല്ലിക്കലില്‍ കണ്ടെത്തിയ ഡിനുവിന്റെ മൃതദേഹം

ഇന്ന് രാവിലെ എട്ടരയോടെയാണ് കോട്ടയം കുമരകം റൂട്ടിൽ ഇല്ലിക്കൽ പാലത്തിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്നു നാട്ടുകാർ വിവരം വെസ്റ്റ് സിഐ നിർമ്മൽ ബോസിനെ അറിയിച്ചു. മൃതദേഹത്തിന്റെ കഴുത്തിൽക്കിടന്ന മാല ബന്ധുക്കൾ കണ്ടു തിരിച്ചറിഞ്ഞാണ് മരിച്ചത് ഡിനു തന്നെയെന്ന് ഉറപ്പിച്ചത്. തുടർന്നു കോട്ടയംവെസ്റ്റ്, അയർക്കുന്നം സിഐമാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മാർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.

ഡിഗ്രി പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്നു ഡിനു നേരത്തെ വീടു വിട്ടു പോയിരുന്നു. പരീക്ഷയിൽ വിജയിച്ച ശേഷമാണ് ഇയാൾ വീട്ടിൽ തിരികെ എത്തിയത്. ഇത്തവണയും ഇതു പോലെ തന്നെ ഡിനു തിരികെ എത്തുമെന്നായിരുന്നു വീട്ടുകാരുടെ പ്രതീക്ഷ. എന്നാൽ, എല്ലാ പ്രതീക്ഷയും അസ്ഥാനത്താകുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top