ഗുജറാത്തില്‍ ഒന്‍പതാം ക്ലാസുകാരന്‍ കൊല്ലപ്പെട്ട സംഭവം; പത്താം ക്ലാസുകാരന്‍ പിടിയില്‍

കുട്ടിയുടെ മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോള്‍

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ സ്‌കൂള്‍ ശൗചാലയത്തില്‍ ഒന്‍പതാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പത്താം ക്ലാസുകാരന്‍ പിടിയില്‍. സ്‌കൂളിലെ ഒന്നാം നിലയില്‍ പത്താം ക്ലാസിനോടു ചേര്‍ന്നുള്ള ശൗചാലയത്തിലാണ് വിദ്യാര്‍ത്ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള പത്തോളം മുറിവുകള്‍ ഉണ്ടായിരുന്നു.

സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന് പിന്നില്‍ പത്താംക്ലാസുകാരനാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയും പത്താക്ലാസുകാരനും തമ്മില്‍ ചെറിയ തോതിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടി ഒരാഴ്ച മുമ്പാണ് സ്‌കൂളില്‍ ചേര്‍ന്നത്. കൂടുതല്‍ അന്വേഷണത്തിനു ശേഷമെ കൊലപാതക കാരണം എന്താണെന്ന് വ്യക്തമാകു.

പത്താക്ലാസുകാരന്റെ ബാഗ് സ്‌കൂളിനു സമീപത്തുള്ള അമ്പലത്തിന്റെ ടെറസില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നും മാരക ആയുധനങ്ങളും മുളകുപൊടി കലര്‍ത്തിയ വെള്ളം അടങ്ങിയ കുപ്പിയും പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ വര്‍ഷം സമാനമായ സംഭവം ഗുരുഗ്രാമില്‍ നടന്നിരുന്നു. രണ്ടാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ആദ്യം ബസ് ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പിന്നീടാണ് സ്‌കൂളിലെ പതിനൊന്നാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയാണ് കൊലപാതകം നടത്തിയത് എന്ന് കണ്ടെത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top